ഇന്നും നാളെയും ജില്ലയിൽ കോവിഡ് ടെസ്റ്റ് മഹായജ്ഞം


കോഴിക്കോട്: കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ കോവിഡ് പരിശോധനാ മഹായജ്ഞം സംഘടിപ്പിക്കും. രണ്ടു ദിവസങ്ങളിലായി 20,000 വീതം കോവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം.

മാർക്കറ്റുകൾ, ബസ്‌സ്റ്റാൻഡുകൾ, ആശുപത്രികൾ, മാളുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ ഇതിനായുള്ള ക്യാമ്പുകൾ ഒരുക്കും. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജനങ്ങൾ കൂടിച്ചേർന്നതും നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതിരുന്നതുമാണ് രോഗവ്യാപനം കൂടാനിടയാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വർധനയുണ്ടായി. രോഗവ്യാപനം രൂക്ഷമാകുന്നത് രോഗികളുടെ മരണ നിരക്ക് ഉയരാൻ ഇടയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് വർധിപ്പിക്കാൻ തീരുമാനം. നിലവിൽ പ്രതിദിനം 10,000 പേരെ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റിന് വിധേയരാക്കി എന്ന് ഉറപ്പുവരുത്തും. വയോജനങ്ങൾ, മറ്റ് രോഗമുള്ളവർ, ലക്ഷണങ്ങൾ ഉള്ളവർ എന്നിവരെയും കുടുംബശ്രീ പ്രവർത്തകർ, അധ്യാപകർ, പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾ എന്നിവരെയും ടെസ്റ്റ് ചെയ്യും. ഷോപ്പുകൾ, ഹോട്ടലുകൾ, തിരക്കേറിയ മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയും ബസ്, ടാക്സി ജീവനക്കാരെയും നിശ്ചിത ഇടവേളകളിൽ ടെസ്റ്റിന് വിധേയമാക്കാൻ ഉടമകൾക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കും.