‘ഇത് അതിജീവനത്തിന്റെ പ്രശ്‌നം’ പേരാമ്പ്രയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാ കടകളും തുറന്ന് വ്യാപാരികള്‍-വീഡിയോ


പേരാമ്പ്ര: പേരാമ്പ്രയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ വാര്‍ഡുകളില്‍ അടക്കം എല്ലാ കടകളും തുറന്ന് വ്യാപാരികളുടെ പ്രതിഷേധം. കണ്ടെയ്ന്‍മെന്റ് സോണുകളായ മൂന്ന്, നാല്, അഞ്ച്, പതിമൂന്ന് വാര്‍ഡുകളിലെ എല്ലാ കടകളും ഇനി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വ്യാപാരികളെ സംബന്ധിച്ച് ഇത് ഉപജീവനത്തിന്റെ പ്രശ്‌നമാണ്. ജില്ലാ ഭരണകൂടത്തില്‍ നിന്നും അനുകൂലമായ തീരുമാനം വരുന്നതുവരെ കാത്തുനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കണ്ടെയ്ന്‍മെന്റ് സോണായ പേരാമ്പ്രയിലെ കോളേജ് വാര്‍ഡ് പ്രദേശത്തെ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. ഫാന്‍സി ഷോപ്പ് ഉള്‍പ്പെടെ തുറന്നത് അടപ്പിക്കാന്‍ പൊലീസ് എത്തിയത് വാക്കുതര്‍ക്കത്തിനു വഴിവെക്കുകയും പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, സെക്രട്ടറി ഷാജു, വാര്‍ഡ്‌മെമ്പര്‍ വിനോദ് എന്നിവര്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള നിര്‍ദേശമായതുകൊണ്ട് പൊലീസും പഞ്ചായത്തും നിസഹായരാണെന്നും വ്യാപാരികളുടെ ആശങ്ക ജില്ലാഭരണകൂടത്തെ അറിയിക്കുമെന്നും അതുവരെ നിയന്ത്രണങ്ങള്‍ തുടരും എന്ന ധാരണയില്‍ യോഗം പിരിഞ്ഞിരുന്നു. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ തുറക്കാന്‍ പാടില്ലെന്നത് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനമാണെന്നും അതില്‍ ഭേദഗതി വരുത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും പറഞ്ഞ് ജില്ലാ ഭരണകൂടം കയ്യൊഴിഞ്ഞതോടെയാണ് വ്യാപാരികള്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും സുരേഷ് ബാബു പറഞ്ഞു.

ഇന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി കടകള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അറിയിച്ചപ്പോള്‍ അദ്ദേഹം മടങ്ങിപ്പോയെന്നും സുരേഷ് ബാബു വ്യക്തമാക്കി.

കോവിഡുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അഞ്ച് നിബന്ധനകളില്‍ ഒന്നാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും പുറത്തേക്കും അതിനുള്ളിലേക്കും വാഹനഗതാഗതം അനുവദിക്കാത്ത തരത്തില്‍ വാര്‍ഡ് അടച്ചിടണമെന്നത്. അത് പാലിക്കാതെ കടകള്‍ അടച്ചിടണമെന്ന് മാത്രം നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.