ഇടമലക്കുടിയിലെ കുഞ്ഞുങ്ങൾക്കവർ അറിവ് നൽകി , ഊർജമായി, ഉണർവായി, മേപ്പയ്യൂർ സ്വദേശികൾ ഈ കാടിന് അക്ഷരം പകർന്നു: അദ്ധ്യാപനത്തിന്റെ ഈ കഥ പ്രചോദനമാണ്
പേരാമ്പ്ര: ഇടുക്കിയിലെ ഒരു ആദിവാസി ഊരിനോട് ചേര്‍ത്തുവെക്കപ്പെടും ഇനി മേപ്പയ്യൂര്‍. നിമിത്തമായത് രണ്ടു അധ്യാപകരുടെ പ്രയത്നവും ആത്മാര്‍ഥതയും ത്യാഗവും അര്‍പ്പണ മനോഭാവവും. മേപ്പയ്യൂരില്‍ നിന്നും ജോലിയുടെ ആവശ്യാര്‍ത്ഥം ഇടുക്കിയില്‍ എത്തുമ്പോള്‍ ഷിംലാലും സുധീഷും കരുതിയിരുന്നില്ല ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് തങ്ങള്‍ ഏറ്റെടുത്തതെന്ന്. അക്ഷര ലോകത്ത് മായാത്ത മുദ്രപതിപ്പിച്ച് മലയിറങ്ങി വരുമ്പോള്‍ ജന്‍മനാടിനെയും ചരിത്രത്താളിലേക്ക് ഇവര്‍ കൈപിടിച്ചുയര്‍ത്തി.
ഏഴ് വര്‍ഷം മുമ്പാണ് നിയമന ഉത്തരവുമായി ഷിംലാല്‍ ഇടുക്കിയിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ഇടമലക്കുടിയിലെ വിദ്യാലയം കണ്ട് ഷിംലാല്‍ അമ്പരന്നുപോയി. പിന്നാലെ സുധീഷും കൂട്ടായി ചേര്‍ന്നു.തങ്ങള്‍ കണ്ടു വളര്‍ന്നതോ, കേട്ടറിഞ്ഞതു പോലെയോ ആയിരുന്ന ആ വിദ്യാലയം. റോഡ് അന്യം നിന്നിടത്ത് കാല്‍നടയായി താണ്ടേണ്ടത് കിലോമീറ്ററുകള്‍. വൈദ്യുതിയോ നല്ല കെട്ടിടമോ ഇല്ല.കടകളോ അങ്ങാടിയോ ഇല്ല. പൊടി പാറുന്ന ക്ലാസ് മുറിയില്‍ വിരി വിരിച്ചാണ് ഇരുവരുടെയും ഉറക്കം. അധ്യാപന കാലയളവില്‍ നിരവധി പരീക്ഷണങ്ങള്‍ നേരിട്ടെങ്കിലും ഒടുവില്‍ വിജയം ഇവര്‍ക്കൊപ്പമായിരുന്നു.
ഇടമലക്കുടി ഒരു ആദിവാസി ഗ്രാമമായിരുന്നു. വിദ്യാര്‍ത്ഥികളില്‍ അറിവിന്റെ മഹത്വം തുന്നിച്ചേര്‍ക്കുക എന്നത് ഏറെ ശ്രമഫലമായ കാര്യവും. കുട്ടികള്‍ അകലം പ്രാപിച്ച സ്‌കൂളില്‍ പേരിന് വന്നു പോയത് ഒരാള്‍ മാത്രം. ഇന്നിപ്പോള്‍ ഒരാള്‍ക്കു പകരം 137 വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നത്. ഇരുവരുടെയും പ്രയത്‌നഫലമായി വിദ്യാലയത്തിന് പുതിയെ കെട്ടിടവും അനുവദിച്ച് കിട്ടി. ടാറണിഞ്ഞ റോഡും ഇരുട്ടിനെ കീറി മുറിക്കുന്ന വൈദ്യുതി വെട്ടവും ഇന്നവര്‍ക്കുണ്ട്.
അധ്യാപകന്റെ സാധ്യതാ ലോകത്തിന് അതിര്‍വരമ്പുകളില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഷിംലാലും സുധീഷും. അധ്യാപനം ഒരു തൊഴില്‍ എന്നതിനെക്കാളുപരി ദൈവദത്തമായ ഒരു നിയോഗമായി ഇവര്‍ കരുതിയപ്പോള്‍ സാധ്യതകളുടെ മഹാലോകത്തേക്കാണ് ഇവരുടെ വിദ്യാര്‍ത്ഥികള്‍ ഇനി എത്തിച്ചേരുക.