ആശങ്ക വേണ്ട; കോഴിക്കോട് ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോവിഡ് രോഗ പ്രതിരോധ ചികിത്സാ നടപടികള്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. യാതൊരു ആശങ്കക്കും ഇടയില്ലാത്ത വിധം ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ബെഡ്, ഓക്സിജന്‍ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പരിപൂര്‍ണ്ണമായി സഹകരിക്കണം. രോഗവ്യാപനം തടയാന്‍ സ്വയം നിയന്ത്രണമേ മാര്‍ഗ്ഗമുള്ളൂ.

കോവിഡ് രോഗ ചികിത്സക്കായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 42 ആശുപത്രികളാണ് ഇപ്പോള്‍ നീക്കിവെച്ചിട്ടുള്ളത്. 2844 ബെഡ്ഡുകള്‍ ഉള്ളതില്‍ 25 ശതമാനം ഒഴിവുണ്ട്. 318 ഐ.സി.യു ബെഡ്ഡുളളതില്‍ 12.3 ശതമാനം ഒഴിവാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1500 ബെഡ്ഡുളളതില്‍ 500 എണ്ണമാണ് കോവിഡ് ചികിത്സക്ക് നീക്കിവെക്കുന്നത്. പി.എം.എസ്.എസ്.വൈ ബ്ലോക്കില്‍ 550 ബെഡ്ഡിന്റെ ശേഷിയുണ്ട്. ഇപ്പോള്‍ 160 ബെഡ്ഡാണ് ഉപയോഗിക്കുന്നത്. പുതുതായി സ്ഥാപിക്കുന്ന ഓക്സിജന്‍ ടാങ്ക് നാളെ (വെള്ളി) പൂര്‍ണ്ണ സജ്ജമാവും. ഇതോടെ 400 ബെഡ്ഡുകള്‍ക്ക് ഇവിടെ ഓക്സിജന്‍ ലൈന്‍ ബന്ധമുണ്ടാവും.

ജില്ലയില്‍ പുതുതായി 850 ഓക്സിജന്‍ ലൈന്‍ ബെഡ്ഡുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചതില്‍ 550 എണ്ണം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു യോഗത്തില്‍ അറിയിച്ചു. ആകെ 3200 ഓക്സിജന്‍ ലൈന്‍ ബെഡ്ഡുകള്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ സജ്ജമാണ്. കൊയിലാണ്ടി ആശുപത്രിയില്‍ 85 ബെഡ്ഡുകള്‍ക്ക് ഓക്സിജന്‍ സൗകര്യമുണ്ട്. ബാലുശ്ശേരിയില്‍ 40, താമരശ്ശേരിയില്‍ 60, ഫറോക്കില്‍ 25 ബെഡ്ഡുകളും ഉണ്ട്. ഫറോക്കിലെ ഇ.എസ്.ഐ ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇവിടെ 100 ഓക്സിജന്‍ ബെഡ്ഡുകളുണ്ടാവും. എഫ്.എല്‍.ടി.സി കളിലും ഡി.സി.സി കളിലുമായി 5000 ബെഡ്ഡ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ജയശ്രീ , ജില്ലാ പൊലീസ് മേധാവികളായ എ.വി.ജോര്‍ജ്, ഡോ.എ.ശ്രീനിവാസ്, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ.എ. നവീന്‍ എന്നിവര്‍ പങ്കെടുത്തു.