ആവളപാണ്ടി പാടശേഖരത്തിൽ നെല്ലും മീനും പദ്ധതിക്ക് തുടക്കമായി


പേരാമ്പ്ര: ഫിഷറീസ് വകുപ്പിന്റെ നെല്ലും മീനും പദ്ധതിയുടെ ഭാഗമായി ആവളപാണ്ടി പാടശേഖരത്തിൽ മത്സ്യകൃഷിക്ക് തുടക്കം. ആവള പാണ്ടിയിലെ 50 ഏക്കറിലെ ആഫ്രിക്കൻ പായലും പുല്ലും നീക്കിയാണ് മത്സ്യകൃഷി ആരംഭിച്ചത്. ചുറ്റിലും മുകളിലും നൈലോൺ വലയിട്ട്‌ വേലി കെട്ടിയാണ്‌ നഴ്സറി സജ്ജമാക്കിയത്.

കട്ട്‌ല, രോഹു, മൃഗളി തുടങ്ങിയ മത്സ്യങ്ങളെയാണ് വളർത്തുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ചെറുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി.പി പ്രവിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആദില നിബ്രാസ് അധ്യക്ഷയായി.

അക്വാകൾച്ചർ പ്രമോട്ടർ ടി കെ സുനിൽകുമാർ, കോഡിനേറ്റർ എസ്‌ നവീൻ, പാടശേഖര സമിതി സെക്രട്ടറി കെ മൊയ്തീൻ, വൈസ് പ്രസിഡന്റ് വിജയൻ ആവള, അമ്മദ് കുറൂറ എന്നിവർ സംസാരിച്ചു.