‘ആളിക്കത്തുന്ന തീ കാണാന്‍ ഹരം’; വടകര താലൂക്ക് ഓഫീസ് അഗ്നിക്കിരയാക്കിയ കേസില്‍ വിചിത്ര വാദവുമായി ആന്ധ്രാ സ്വദേശി
വടകര: വടകര താലൂക്ക് ഓഫീസ് അഗ്നിക്കിരയാവുന്നത് കണ്ടാസ്വദിക്കുകയായിരുന്നു പ്രതി സതീഷ്. തീ കത്തുന്നത് കാണാന്‍ നല്ല ഹരമാണെന്നും അതിനാലാണ് തീയിട്ടതെന്നും എന്നാണ് അറസ്റ്റ് ചെയ്തപ്പോൾ പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് റൂറല്‍ എസ്.പി ഡോ. പി.എ. ശ്രീനിവാസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പ്രതി സതീഷ് നാരായണൻ ആന്ധ്രാ പ്രദേശ് സ്വദേശിയാണ്.
ഇന്നലത്തെ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായായിരുന്നു ഇയാള്‍ സംസാരിച്ചത്. നഗരത്തില്‍ അടുത്തിടെ നടന്ന മറ്റ് മൂന്ന് തീവെപ്പ് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഈ സംഭവങ്ങളില്‍ തെളിവ് ലഭിച്ചതായും പൊലീസ് അറിയിച്ചു. തീപിടിത്തം ഉണ്ടായ സ്ഥലത്തെ മതിലില്‍ ‘ഫോളോ മീ ഓണ്‍ ഇന്‍സ്റ്റഗ്രാം’ എന്ന് എഴുതിയത് ശ്രദ്ധയില്‍ പെട്ടതിനാൽ ഇയാളുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
താലൂക്ക് ഓഫീസിലും തീപിടിത്തം നടന്ന മറ്റ് മൂന്ന് ഇടങ്ങളിലും സതീഷ് നാരായണനുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയെല്ലാം കലര്‍ത്തിയ ഭാഷയിലായിരുന്നു ഇയാള്‍ സംസാരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോ ആയിരുന്നു വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം ഉണ്ടായത്. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നിരുന്നു. ഓഫീസ് രേഖകള്‍ ഭൂരിഭാഗവും കത്തി നശിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണിട്ടുണ്ട്.