ആനയെ കണ്ടത് രണ്ടുമീറ്റര്‍ അടുത്ത്; ജീപ്പ് പൊക്കി താഴെയിട്ട് ആന: വയനാട്ടില്‍ എക്‌സൈസ് സംഘം കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


തോല്‍പ്പെട്ടി: വയനാട് തോല്‍പ്പെട്ടിയില്‍ എക്‌സൈസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം. വലിയ പരിക്കുകളൊന്നുമില്ലാതെ സംഘം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന എക്‌സൈസ് സംഘത്തിന്റെ ജീപ്പാണ് ആക്രമിക്കപ്പെട്ടതെന്ന് മീനങ്ങാടി ഡിവിഷന്‍ ഓഫീസിലെ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഒരു വളവില്‍ വെച്ചായിരുന്നു സംഭവം. അതിനാല്‍ ആനയുടെ രണ്ട് മീറ്റര്‍ അടുത്തെത്തിയപ്പോള്‍ മാത്രമാണ് സംഘം ആനയെ കണ്ടത്. തുടര്‍ന്ന് ആന ജീപ്പ് ഒരു തവണ അല്പം ഉയര്‍ത്തി താഴെയിട്ടു. രണ്ടാമത് പോക്കാനായി ശ്രമിക്കുന്നതിനു മുമ്പ് പെട്ടെന്നു തന്നെ വണ്ടിയെടുത്ത് അവിടെ നിന്നും പോരാന്‍ പറ്റി. ആദ്യത്തെ ആക്രമണത്തില്‍ എഞ്ചിന്‍ ഓഫാകാതിരുന്നത് തുണയായെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അജയകുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. ആനയുടെ ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നിട്ടുണ്ടെന്നും ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.