ആനക്കുളത്തെ മോഷണം ആസൂത്രിതം; കൊള്ള മുതൽ കടത്തിയത് മോഷ്ടിച്ച ലോറിയിൽ, കൊള്ള സംഘത്തിലെ രണ്ടു പേർ സി.സി.ടി.വിയിൽ കുടുങ്ങി; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്
കൊയിലാണ്ടി: ആനക്കുളത്തിനടുത്ത് കാർ, ബൈക്ക് സ്പെയർപാർട്‌സുകൾ വിൽക്കുന്ന കടയിൽ നടന്ന മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദേശീയപാതയോരത്തെ ഖയാൻ മോട്ടോർസ് ടൂവീലർ-ഫോർവീലർ ആക്സസറീസ് ഷോപ്പിൽ ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. ലോറി എത്തിച്ച് സാധനങ്ങൾ കൊള്ളയടിക്കും മുൻപ് കാറിലെത്തിയ ഒരു സംഘം കട പരിശോധിച്ചിരുന്നു. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു.
മോഷ്ടാക്കളുടെ ദൃശ്യം കാണാം.
ചേമഞ്ചേരി പെട്രോൾ പമ്പിൽ നിർത്തിയിട്ട ലോറി മോഷ്ടിച്ചാണ് കവർച്ചാ സംഘം ആനക്കുളത്തെത്തിയത്. കവർച്ചയ്ക്ക് ശേഷം ലോറി പെട്രോൾ പമ്പിൽ തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ലോറി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തെങ്കിലും സംഭവവുമായി ബന്ധമില്ല എന്ന് വ്യക്തമായതോടെ വിട്ടയച്ചു. പുതുതായി ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ അന്വേഷണം.
ബുധനാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് കവർച്ച നടന്നത്. പൂട്ടുപൊളിച്ച് അകത്തുകടന്ന സംഘം നിരവധി സാധനങ്ങളും ലാപ്‌ടോപ്പും പണവും കവർന്നതായി പാർട്ട്ണർമാരായ എം.ജാഫർ,എം.ഹാരിസ്,കെ.സുഹൈൽ എന്നിവർ പറഞ്ഞു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരു മണിക്കൂറോളം മോഷ്ടാക്കൾ ഷോപ്പിൽ തങ്ങിയതായാണ് വിവരം.