കൊരയങ്ങാട് ഇത്തവണയും പണ്ടാട്ടി എത്തില്ല; കോവിഡ് വിലങ്ങുതടി
കൊയിലാണ്ടി: വിഷുപ്പുലരികള്‍ക്ക് ആചാരപ്പൊലിമയേകാന്‍ ഇത്തവണയും കൊയിലാണ്ടി കൊരയങ്ങാട് ക്ഷേത്രത്തില്‍ പ്രത്യേക ഒരുക്കങ്ങളില്ല. പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ കാണാന്‍ തുടര്‍ച്ചയായി രണ്ടാം കൊല്ലവും പണ്ടാട്ടി എത്തില്ല. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് ആഘോഷങ്ങള്‍ മാറ്റി വെച്ചത്. കൊരയങ്ങാട് തെരുനിവാസികള്‍ പതിറ്റാണ്ടുകളായി പാലിച്ചു വരുന്ന വിഷുദിനത്തിലെ ‘പണ്ടാട്ടി ‘ ആഘോഷം നിര്‍ത്തിവെച്ചതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പണ്ടാട്ടിയെന്നാല്‍ എന്താണ്?
ഉത്തര മലബാറിലെ പത്മശാലിയ സമുദായത്തില്‍ കാലാകാലങ്ങളായി ആചരിച്ചു വരുന്ന വിശേഷമായ വിഷുദിനക്കാഴ്ചയാണ് പണ്ടാട്ടി വരവ്. ദേശഭേദമനുസരിച്ച് ഇതിന് ചോയി കെട്ട്, ചപ്പ കെട്ട് എന്നും പേരുണ്ട്. വിഷുദിനത്തില്‍ ശിവ- പാര്‍വ്വതിമാര്‍ വേഷപ്രഛന്നരായി വീടുകളിലെ ക്ഷേമന്വേഷണത്തിന് എത്തുന്നു എന്നാണ് സങ്കല്‍പം. വിഷുദിനത്തിലെ പ്രദോഷത്തില്‍ ഗണപതി പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ക്ഷേത്രത്തില്‍ തിരിച്ചെത്തുകയാണ് ചെയ്യുക. ആരവങ്ങളോടെ നിരവധി പേര്‍ അനുഗമിക്കും. ഉണങ്ങിയ വാഴ ഇല വസ്ത്രമാക്കി വെള്ളരി വട്ടത്തില്‍ ചെത്തിയെടുത്ത് കാതില്‍ ആഭരണമണിഞ്ഞ് ശിരസ്സില്‍ കിരീടം ചൂടിയാണ് ശിവ- പാര്‍വ്വതിമാരുടെ സഞ്ചാരം. വീടുകളില്‍ എത്തിയാല്‍ ‘ചക്ക കായ് കൊണ്ടു വാ മാങ്ങ കായ്കൊണ്ടു വാ ‘ എന്ന് ഉച്ചത്തില്‍ ആരവമിടും. കൂടെയുള്ളവര്‍ ഏറ്റു വിളിക്കും. കുട്ടികള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കും. വീടുകളില്‍ വെള്ളരി, നാളീകേരം, അപ്പം തുടങ്ങിയവ ഒപ്പമുള്ള പണ്ടാരം ചാക്കില്‍ ആക്കും. ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ ആഘോഷം അവസാനിക്കും. കഴിഞ്ഞ തവണയും ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനപ്രകാരം പണ്ടാട്ടി വരവ് ഉപേക്ഷിക്കുകയായിരുന്നു