അസമില്‍ ആത്മഹത്യചെയ്ത അഭിജിത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം; കോണ്‍ഗ്രസ്


മേപ്പയൂര്‍: അസമിലെ നാഗോണില്‍ ബസില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ നരക്കോട് മീത്തില്‍ കുളങ്ങരമീത്തല്‍ അഭിജിത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ ദത്തെടുക്കണമെന്ന് നരക്കോട് ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. അഭിജിത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണം പോലും കിട്ടാതെ നിരവധി മോട്ടോര്‍ തൊഴിലാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അടിയന്തിരമായി ഇവരെ നാട്ടില്‍ എത്തിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കോള്ളണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

യോഗത്തില്‍ ജിതിന്‍ അശോകന്‍ അധ്യക്ഷത വഹിച്ചു.എന്‍.കെ ഉണ്ണികൃഷണന്‍, വള്ളില്‍ രവീന്ദ്രന്‍, സുനില്‍കുമാര്‍ ഇ.കെ തുടങ്ങിയവര്‍ സംസാരിച്ചു.

അഭിജിത്തിന്റെ മരണത്തോടെ വീട്ടില്‍ അമ്മ ഗീതയും അച്ഛമ്മ പെണ്ണൂട്ടിയും തനിച്ചായി. അഭിജിത്തിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരിയും നാല് വര്‍ഷങ്ങള്‍ മുന്‍പ് മരണപ്പെട്ടതാണ്. ഇവരുടെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ അഭിജിത്ത് ഏറ്റെടുക്കുകയായിരുന്നു.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് അഭിജിത്ത് ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് തിരിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം മൂലം കേരളത്തിലേക്ക് തിരികെയെത്താന്‍ അഭിജിത്തിന് കഴിഞ്ഞിരുന്നില്ല. സമാനമായ പ്രശ്നവുമായി നിരവധി പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്.