അഴിയൂരില്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍


വടകര: അഴിയൂര്‍ കല്ലാമലയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. നാദാപുരം കോടിയൂറ പടിഞ്ഞാറ വാഴചാണ്ടിയില്‍ എം.എം.സന്ദീപ് (30), താമരശേരി കാഞ്ഞിരത്തിങ്കല്‍ അര്‍ജുന്‍ (35) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിത്. സിസിടിവി ദൃശ്യം പോലീസ് പുറത്തു വിട്ടതിനു പിന്നാലെയാണ് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്. ഇവരില്‍ ഒരാളെ മനസിലായ ആള്‍ അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. പിന്നാലെ രണ്ടാമത്തെയാളെയും പോലീസ് പിടികൂടി.

മാര്‍ച്ച് പത്തൊമ്പതിനാണ് കുന്നുമ്മക്കര റോഡ് ദേവീകൃപയില്‍ സുലഭയെ (55) തലക്കടിച്ച് വീഴത്തി നാലര പവന്‍ സ്വര്‍ണമാല തട്ടിയെടുത്തത്. ഭര്‍ത്താവ് രവീന്ദ്രനെ കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞയച്ച ശേഷം സുലഭയെ ആക്രമിച്ച് പണം തട്ടുകയായിരുന്നു.
പിറ്റേന്നു തന്നെ വീട്ടില്‍ നിന്നുള്ള ഇവരുടെ സിസിടിവി ദൃശ്യം അന്വേഷണസംഘം പുറത്തുവിട്ടെങ്കിലും പ്രതികളെ കുറിച്ച് സൂചന കിട്ടിയിരുന്നില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുഞ്ഞിപ്പള്ളി സ്റ്റോപ്പില്‍ ഇവര്‍ ബസ് ഇറങ്ങുന്ന ദൃശ്യം പോലീസിനു ലഭിച്ചത്.

റൂറല്‍ എസ്പി ഡോ.എ.ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. ചോമ്പാല ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ശിവന്‍ കെടോത്ത്, സബ്ഇന്‍സ്പെക്ടര്‍ ഉമേഷ്, സ്പെഷ്യല്‍ സ്‌ക്വാഡിലെ സി.എച്ച്.ഗംഗാധരന്‍, രാജീവന്‍, ഷാജി, യൂസഫ് തുടങ്ങിയവരാണ് കേസ് തെളിയിച്ചത്.