അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു


കണ്ണൂര്‍: ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു. കാനംവയല്‍ സ്വദേശി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. പ്രതിയായ ടോമിയെ പിടികൂടാനായില്ല.

ചെറുപുഴ കാനംവയലില്‍ രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ അയല്‍വാസിയായ ടോമിയെ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ടോമി വീടിനുള്ളില്‍ നിന്ന് തോക്കെടുത്ത് സെബാസ്റ്റ്യന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പ്രതിയായ ടോമി തോക്കുമായി കര്‍ണാടക വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായിട്ടില്ല. തോക്കിന് ലൈസന്‍സ് ഇല്ല. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.