അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു, പരീക്ഷ എങ്ങനെ എഴുതുമെന്ന നിവേദ്യയുടെ സങ്കടത്തിന് ഉത്തരമായത് പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: അമ്മയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു നിവേദ്യ. പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയുമോ എന്ന ആശങ്ക. നിറയെ സ്വപ്‌നങ്ങളുണ്ടായിരുന്നു നിവേദ്യയ്ക്ക്. കൊവിഡ് തന്റെ ആഗ്രഹങ്ങളെയെല്ലാം ഇല്ലാതാക്കുമെന്ന സങ്കടത്തോടെയാണ് ഇന്നലെ രാത്രി കഴിഞ്ഞു കൂട്ടിയത്.

പരീക്ഷ എഴുതാന്‍ പോലും കഴിയുമോ എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു പോയ പെണ്‍കുട്ടി. നിവേദ്യയ്ക്ക് തുണയായി എത്തിയത് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍. ജാബിര്‍, മുനീര്‍ എന്നീ പ്രവര്‍ത്തകര്‍ സുരക്ഷാ മുന്‍കരുതലോടെ നിവേദ്യയെ പരീക്ഷാ ഹോളിലെത്തിച്ചു. സന്നദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് കെ.ഷിജു മാസ്റ്റര്‍ ആണ്. കൊയിലാണ്ടി വൊക്കെഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് നിവേദ്യ.