അപകടാവസ്ഥയിലായ കെട്ടിടം കുട്ടികളുടെ ജീവന് ഭീഷണി; കായണ്ണയിലെ പരവന്‍ചാല്‍ അങ്കണവാടിക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍


കായണ്ണബസാർ: കായണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പരവന്‍ചാല്‍ അങ്കണവാടിക്കെട്ടിടം കാലപ്പഴക്കത്താല്‍ അപകടാവസ്ഥയില്‍. കെട്ടിടത്തിന്റെ ദയനീയാവസ്ഥയും സൗകര്യക്കുറവും നിര്‍മാണത്തിലെ അപാകവും കാരണം ഗ്രാമത്തിലെ കൊച്ചുകുട്ടികളും ജീവനക്കാരുമാണ് ദുരിതം അനുഭവിക്കുന്നത്.

കെട്ടിടത്തിന് 36 വർഷത്തെ പഴക്കമുണ്ട്. മുൻവാർഡ് അംഗമായിരുന്ന അധ്യാപകൻ തെരുവത്ത് മുഹമ്മദ് സൗജന്യമായി നൽകിയ രണ്ടുസെൻറ്‌ സ്ഥലത്ത് നാട്ടുകാർ പിരിവെടുത്തും സമ്മാനകൂപ്പൺ തയ്യാറാക്കിയും സ്വരൂപിച്ച പണം ഉപയോഗിച്ചാണ് കെട്ടിടമുണ്ടാക്കിയത്. കെട്ടിടത്തിനുവേണ്ടത്ര ഉയരമില്ലാത്തതതിനാല്‍ വേനല്‍ക്കാലത്ത് അസഹ്യമായ ചൂട് കുട്ടികളെ വലയ്ക്കുകയാണ്.

കാലപ്പഴക്കത്താല്‍ ദ്രവിച്ച കമ്പികള്‍ പുറത്തേക്കുതള്ളിനില്‍ക്കുന്നത് അപകടാവസ്ഥ വെളിവാക്കുന്നതാണ്. നല്ല മഴയത്ത് ചോര്‍ച്ചയുമുണ്ട്. സീലിങ്ങില്‍നിന്നും ഇടയ്ക്കിടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നു. നല്ലൊരു ശൗചാലയമോ പാചകമുറിയോ സ്റ്റോര്‍മുറിയോ ഇവിടെ ഇല്ല. കുട്ടികള്‍ക്ക് കളിസ്ഥലവുമില്ല. വേനല്‍ക്കാലത്തിവിടെ കടുത്ത കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്നു.

അങ്കണവാടിയുടെ പരിധിയില്‍ 214 വീടുകളാണുള്ളത്. അപകടാവസ്ഥയിലുള്ള അങ്കണവാടി പ്രവര്‍ത്തിക്കുന്നത് ഇവിടെ എത്തുന്ന കുട്ടികള്‍കളുടെയും ജീവനക്കാരുടെയും ജീവന് ഒരുപോല ഭീഷണി ഉയര്‍ത്തുന്നുണ്ട്. എത്രയും വേഗം പുതിയൊരു കെട്ടിടം നിര്‍മിച്ച് കുഞ്ഞുങ്ങളെ സുരക്ഷിതമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം