അത്തോളി സ്വദേശികള്‍ പ്രതിയായ കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം: നിയമനടപടിയ്‌ക്കൊരുങ്ങി ഡി.വൈ.എഫ്.ഐ
കോഴിക്കോട്: അത്തോളി സ്വദേശികള്‍ പ്രതികളായ കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡി.വൈ.എഫ്.ഐ അത്തോളി മേഖലാ കമ്മിറ്റി. കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അത്തോളി സ്വദേശി ഫഹദ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണെന്ന രീതിയിലുള്ള പ്രചരണത്തിനെതിരെയാണ് സംഘടന രംഗത്തുവന്നിരിക്കുന്നത്.
ഇയാള്‍ ഡി.വൈ.എഫ്.ഐ സംഘടനയുടെ ഏതെങ്കിലും ഘടകത്തിലോ അംഗത്വത്തിലോ ഉള്‍പ്പെട്ട ആളല്ലെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. രാഷ്ട്രീയലക്ഷ്യംവെച്ചുള്ള വ്യാജ പ്രചരണമാണിതെന്നും ഡി.വൈ.എഫ്.ഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കൊല്ലം സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അത്തോളി സ്വദേശികളായ നാലുപേരാണ് അറസ്റ്റിലായത്. നിജാസ്, ശുഹൈബ്, കെ.എ അജിനാസ്, ഇടത്തില്‍ താഴംനെടുവില്‍ പൊയില്‍ എന്‍.പി വീട്ടില്‍ ഫഹദ് എന്നിവരെയാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പൊലീസ് അറസ്റ്റു ചെയ്തത്.