അതിശക്തമായ മഴ തുടരും; കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്; ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യത


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ല ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴി നിലനില്‍ക്കുകയാണ്. അതോടൊപ്പം തന്നെ വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ രണ്ടിന്റെയും സ്വാധീനത്തില്‍ അടുത്ത നാല് ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടി / മിന്നല്‍ / ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും തുടര്‍ന്നുള്ള രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓറഞ്ച് അലേര്‍ട്ട്

18 – 05 – 2022: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
19 – 05 – 2022: കണ്ണൂര്‍, കാസര്‍കോട്

എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.5 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

യെല്ലോ അലേര്‍ട്ട്

18 – 05 – 2022: കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
19 – 05 – 2022: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
20 – 05 – 2022: തിരുവനന്തപുരം, കൊല്ലം
21 – 05 – 2022: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.