സാന്ത്വനം സ്പര്‍ശം അദാലത്ത്; കൊയിലാണ്ടിയില്‍ പരിഗണിച്ചത് 1,469 പരാതികള്‍


കൊയിലാണ്ടി: ജനങ്ങളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം കാണുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വനം സ്പര്‍ശം അദാലത്തില്‍ ജില്ലയില്‍ ആദ്യദിവസമെത്തിയത് 1,469 പേര്‍. കൊയിലാണ്ടി താലൂക്കില്‍നിന്നുള്ളവരാണ് തിങ്കളാഴ്ച കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെത്തിയത്. തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും പരാതികള്‍ കേട്ടു.

പരിഗണിച്ച പരാതികളില്‍ സാധ്യമായവയിലൊക്കെയും അദാലത്ത് വേദിയില്‍ വെച്ച് തന്നെ പരിഹാരം കണ്ടതായി തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. വിശദ പരിശോധനകളാവശ്യമായ അപേക്ഷകളില്‍ അടിയന്തര തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീട്, പട്ടയം, റേഷന്‍ കാര്‍ഡ്, ബാങ്ക് വായ്പ തിരിച്ചടവ്, ക്ഷേമപെന്‍ഷന്‍, ചികിത്സാസഹായം തുടങ്ങി സാധാരണ ജനങ്ങളുടെ ആവശ്യങ്ങളാണ് അപേക്ഷകളായെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ ജനകീയ മുഖം ഒന്നുകൂടി തെളിയിക്കുന്ന പരിപാടിയാണ് സാന്ത്വനം സ്പര്‍ശമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പരിപാടി മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയത് 678 പേരാണ്. 791 പേര്‍ അദാലത്തുവേദിയിലെത്തി, താല്‍ക്കാലികമായൊരുക്കിയ അക്ഷയകേന്ദ്രം വഴിയും പരാതി രജിസ്റ്റര്‍ ചെയ്തു. മുഴുവന്‍ അപേക്ഷകളും അദാലത്തില്‍ പരിഗണിച്ചു. ടോക്കണ്‍ നല്‍കിയാണ് അപേക്ഷകരെ ഹാളിലേക്കു പ്രവേശിപ്പിച്ചത്. വിവിധ വകുപ്പുകളുടെ കൗണ്ടറുകളില്‍ പരാതികള്‍ പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ചു. മന്ത്രിതല ഇടപെടല്‍ ആവശ്യമുള്ള പരാതികളാണ് മന്ത്രിമാരുടെ മുന്നിലേക്കെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായത്തിനായുള്ള 128 പേരുടെ അപേക്ഷകളും പരിഗണിച്ചു. കാലങ്ങളായി ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും പരിഹാരമാവാതിരുന്ന പ്രശ്‌നങ്ങളില്‍ നടപടികളുണ്ടായതിന്റെ ആശ്വാസത്തിലാണ് അദാലത്തിനെത്തിയവര്‍ വീടുകളിലേക്ക് മടങ്ങിയത്.

എം.എല്‍.എ.മാരായ പുരുഷന്‍ കടലുണ്ടി, കെ.ദാസന്‍, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ്കുമാര്‍ ജ്യോതി, കളക്ടര്‍ സാംബശിവറാവു, അദാലത്ത് നോഡല്‍ ഓഫീസറായ അസി. കളക്ടര്‍ ശ്രീധന്യ സുരേഷ്, ഡി.ഡി.സി. അനുപം മിശ്ര, എഡിഎം എന്‍. പ്രേമചന്ദ്രന്‍, ഡപ്യൂട്ടി കളക്ടര്‍മാരായ ഇ. അനിതകുമാരി, എന്‍ റംല, കൊയിലാണ്ടി തഹസില്‍ദാര്‍ സി പി മണി തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.