ശമനം


ബിജേഷ് ഉപ്പാലക്കൽ
…………………………………….

ഞാൻ മരിക്കുമ്പോൾ
എൻ്റെ എല്ലിൽ
പൂക്കൾ കിളിർക്കുന്നതു വരെ
നീ കരഞ്ഞിരിക്കരുത്

ഞാൻ പുല്ലുകൾക്കിടയിൽ
ഉറങ്ങുമ്പോൾ
മഴ ഗാനമാലപിക്കുമ്പോൾ
പാതിരാവിൻ ഉടുപ്പുമണിഞ്ഞ്
നമ്മുടെ ആദ്യ ചുംബനത്തിൻ്റെ
വിളക്കുമേന്തി നീ വരിക

മൺകൊട്ടാരങ്ങളുടെ
കൊത്തുപണിക്കാർ
എന്നെ പകുത്തെടുത്ത്
ചുമന്നു കൊണ്ടുപോവുന്നുണ്ടാവും
പൊടിയുന്ന മഞ്ഞിനാൽ
നനഞ്ഞ മണ്ണിൻ്റെ വയറ്റിൽ
വിളക്കു നീ കുത്തികെടുത്തുക

അന്ത്യചുംബനത്തിനായ്
മൺ തല്പത്തിൽ
നീ പടർന്നു വീഴുമ്പോൾ
ഭൂമി മെല്ലെ ശമിക്കുന്നു.