ലൈഫ് മിഷനിലൂടെ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു; അഭിമാന പദ്ധതിയെന്ന്‌ മുഖ്യമന്ത്രി


തിരുവനന്തപുരം: സമാനതകളില്ലാത്ത പാര്‍പ്പിട വികസന പ്രവര്‍ത്തനമാണ് ലൈഫ് മിഷന്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന അഭിമാനകരമായ പദ്ധതിയാണ് ലൈഫ് നടത്തുന്നത്. അര്‍ഹരായ എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 8,823. 20 കോടി രൂപ ചിലവഴിച്ച് 2,50, 547 വീടുകളുടെ നിര്‍മ്മാണമാണ് ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കിയത്.

ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തികരിച്ച രണ്ടര ലക്ഷം വീടുകളുടെ ഉദ്ഘാടനം രാവിലെ 11.30 ന് വട്ടിയൂര്‍കാവിലെ ശശിയുടെ വീട്ടില്‍ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. വീടിന്റെ പാല്‍ കാച്ചല്‍ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.

ലൈഫ് മിഷന്റെ ഭാഗമായുള്ള ബാക്കിയുള്ള വീടുകളുടെ നിര്‍മാണവും അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം പദ്ധതി നടപ്പാക്കിയപ്പോള്‍ ഉയര്‍ന്ന പ്രശ്നം പലരുടെയും പേര് വിട്ടുപോയെന്നതാണ്. ആ അപേക്ഷകള്‍ കൂടി പരിഗണിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വികസനം എങ്ങനെ വേണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായി രൂപം കൊണ്ട പദ്ധതിയാണ് ലൈഫ്. എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് ലൈഫ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പദ്ധതിക്ക് നേതൃത്വം കൊടുത്ത എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങളെ ഇടിച്ചുതാഴ്ത്തുക, ജനങ്ങള്‍ക്ക് ലഭ്യമാവുന്ന സൗകര്യങ്ങളെ അപഹസിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വലിയ നുണപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ ജനങ്ങല്‍ ഇത് തിരിച്ചറിയുന്നുണ്ട്. അവരോട് ഇത്തരം നുണപ്രചരണങ്ങളൊന്നും വിലപോവില്ല. അതുകൊണ്ട് അപവാദപ്രചരണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്കുള്ള പദ്ധതി സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക