ലഹരി സംഘം, പിടിച്ചുപറി; കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ ഭീതി പടരുന്നു


കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ ലഹരി വിൽപ്പനക്കാർ താവളമാക്കുന്നു. റെയിൽവെ സ്റ്റേഷൻ റോഡ്‌ ഇപ്പോൾ വിജനമായി കിടക്കുന്നതിനാലാണ് ഇവിടം ലഹരി വിൽപ്പനക്കാർ താവളമാക്കുന്നത്. പഴയ റെയിൽവെ ഗേറ്റ് നിലനിന്ന സ്ഥലത്ത് റെയിൽവെ സ്ലിപ്പറുകൾ അട്ടിയിട്ടിട്ടുണ്ട്. ഇവിടം കുറ്റിക്കാടുകളും നിറഞ്ഞ് കിടക്കുകയാണ്. ഇതിന്റെ മറവിലാണ് ഇത്തരക്കാർ അധികവും തമ്പടിക്കുന്നത്.

പകൽ സമയത്ത് പോലും ഇതുവഴി പോകാൻ ആളുകൾ ഭയപ്പെടും. മയക്ക് മരുന്ന് കുത്തിവെക്കുന്ന സംഘവും ഇവിടെയുണ്ട്. റെയിൽവെ സ്റ്റേഷൻ റോഡിൽ പഴയ പോലെ ആൾത്തിരക്ക് ഇപ്പോഴില്ല. മുമ്പ് തീവണ്ടിയാത്രക്കാർ കൂടുതലുണ്ടായിരുന്ന സമയത്ത് ജനങ്ങളുടെ ഇടപെടൽ ഈ റോഡുകളിൽ കൂടുതൽ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഇതു വഴി കടന്നു പോയ കാൽനടയാത്രക്കാരനെ മർദ്ദിച്ച് അവശനാക്കി നാലായിരം രൂപയും മൊബൈൽ ഫോണും കവർന്ന സംഭവം വരെ ഉണ്ടായി. ഒരു യുവതിയടക്കം മൂന്നു പേരടങ്ങുന്ന സംഘമാണ് തന്നെ അക്രമിച്ച് പണം തട്ടിയതെന്ന് ആക്രമത്തിനിരയായ റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന എൻ.കെ.സന്തോഷ് പറഞ്ഞു. പണം തട്ടിയെടുത്ത ശേഷം സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

റെയിൽവെ സ്റ്റേഷൻ റോഡിൽ തെരുവുവിളക്കുകൾ മിക്കതും കത്തുന്നില്ല. അതു കാരണം രാത്രി കാലങ്ങളിൽ മാലിന്യം കൊണ്ട് തള്ളുന്നതും പതിവാണ്. ഇവിടെ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.