റിപ്പബ്ലിക് ദിനാഘോഷത്തിൽ കേര സമൃദ്ധിയുമായി കേരള ടാബ്ലോ; കൊയര്‍ ഓഫ് കേരള


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളം ഒരുക്കുന്ന കൊയര്‍ ഓഫ് കേരള ഫ്ളോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 26നു രാജ്പഥില്‍ നടക്കുന്ന 72ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പൂര്‍ണ്ണ ഡ്രസ് റിഹേഴ്സലും ഇന്നു രാവിലെ രാജ്പഥില്‍ നടന്നു.

രണ്ടുഭാഗങ്ങളായി തയ്യാറാക്കിയ ഫ്ളോട്ടിന്റെ മുന്‍ഭാഗത്ത് തേങ്ങയുടെയും തൊണ്ടിന്റെയും ചകിരിയുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ പരമ്പരാഗത കയര്‍ നിര്‍മ്മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ കായല്‍പ്രദേശങ്ങളില്‍ കാണപ്പെടുന്ന മണല്‍ത്തിട്ടയും കായലിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തിക്കുന്ന ചീനവലയും കരയില്‍ കായ്ച്ചു നില്‍ക്കുന്ന തെങ്ങുകളുമാണ് ഫ്ളോട്ടിന്റെ പശ്ചാത്തലം.

 

മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി ഉയര്‍ന്നു നില്‍ക്കുന്ന കരിക്കുമാതൃകയുടെ ചാരെ തൊണ്ടുതല്ലുന്ന സ്ത്രീകളും വശങ്ങളില്‍ വിവിധ പാകത്തിലുള്ള തേങ്ങകളും ഫ്ളോട്ടിന്റെ ദൃശ്യചാരുത കൂട്ടുന്നു. കേരളത്തിന്റെ നാടോടി വിജ്ഞാനീയത്തില്‍ ഏറെ പ്രാധാന്യമുള്ള തെയ്യവും ഫ്ളോട്ടിന് മിഴിവേകും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് കേരളത്തിന്റെ ഫ്ളോട്ട് നിര്‍മ്മിക്കുന്നത്.

തെങ്ങും കയറും കുരുത്തോല വസ്ത്രമായും അലങ്കാരമായും മാറുന്ന തെയ്യവുമെല്ലാം കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവുമായി എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നതാണ് കേരളം ഫ്ളോട്ടിലൂടെ പറയുന്നത്. മണ്ണൊലിപ്പു തടയുന്നതിന് കയര്‍ ഭൂവസ്ത്രം വിരിച്ച രീതിയിലാണ് ടാബ്ലോയുടെ പിന്‍വശത്തെ ഭൂഭാഗം. 12 കലാകാരന്മാരാണ് ഫ്ളോട്ടിന് വാദ്യവും തെയ്യവും ചീനവലയുമൊരുക്കുന്നത്. പ്രശസ്ത ടാബ്ലോ ആര്‍ട്ടിസ്റ്റ് ബപ്പാദിത്യ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ ഫ്ളോട്ട് നിര്‍മ്മിക്കുന്നത്. ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ തോറ്റം ശൈലിയിലുള്ള പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ശ്രീവത്സന്‍ ജെ മേനോനാണ്. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസിനാണ് ഫ്ളോട്ടിന്റെ മേല്‍നോട്ടച്ചുമതല.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക