ഭരണഭാഷയും ജനാധിപത്യവും


ഡോ.പി.സുരേഷ്

ദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ മുതല്‍ പ്രചാരണ നോട്ടീസുകളും പോസ്റ്ററുകളും ചുമരെഴുത്തും പാര്‍ട്ടികളുടെ പ്രകടനപത്രികകളും വരെ മലയാളത്തിലാണ്. 97 ശതമാനം ജനങ്ങളും മലയാളം സംസാരിക്കുന്ന കേരളത്തില്‍ ജനാധിപത്യം പൂര്‍ണാര്‍ത്ഥത്തില്‍ ഫലവത്താകണമെങ്കില്‍ മാതൃഭാഷയില്‍ ആശയം വിനിമയം ചെയ്യപ്പെടണം എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 1957 ലെ ഇ.എം.എസ് മന്ത്രിസഭ, ഭരണ ഭാഷ മാലയാളമാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കോമാട്ടില്‍ അച്ചുത മേനോന്‍ കമ്മറ്റി മുതല്‍ ഭരണ ഭാഷ മലയാളമായിരിക്കണമെന്ന കാര്യം എടുത്തു പറയുന്നുണ്ട്. പക്ഷേ, കൊളോണിയല്‍ സാമന്ത ബോധത്തിന്റെ അടിമനുകം അലങ്കാരമാക്കിയ ഭരണവര്‍ഗ്ഗവും ഉദ്യോഗസ്ഥ മേധാവികളും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിച്ചിരുന്നില്ല. ഏറ്റവുമവസാനം, 2017 മെയ് ഒന്നു മുതല്‍ കേരളത്തിലെ മുഴുവന്‍ ഭരണ വിഭാഗങ്ങളിലെയും ഉത്തരവുകളും അപേക്ഷകളും ബോര്‍ഡുകളും മലയാളത്തിലായിരിക്കണമെന്ന് നിയമം വന്നു.

എന്നിട്ടും പല വകുപ്പുകളും ഈ നിയമം പാലിക്കുന്നില്ല. ഭരിക്കുന്നവരുടെ ഭാഷയും ഭരണീയരുടെ ഭാഷയും ഒന്നാവുമ്പോഴേ ഭരണ നേട്ടങ്ങള്‍ അടിത്തട്ടു വരെ എത്തുകയുള്ളൂ. ധനകാര്യ വകുപ്പിന്റെയും മറ്റും പല ഉത്തരവുകളും ഇപ്പോഴും ഇംഗ്ലീഷിലാണ് പുറത്തിറങ്ങുന്നത്.
ഈയവസരത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മാതൃഭാഷയില്‍ ഭരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ശക്തമായി വാദിച്ച സഹോദരന്‍ അയ്യപ്പന്റെ ചിന്തകളിലൂടെ സഞ്ചരിക്കുന്നത് ഉചിതമാവും.

ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിക്കുന്നതിനു മുമ്പ് തന്നെ മലയാളഭാഷയ്ക്ക് വേണ്ടി ഉയര്‍ന്ന ശബ്ദങ്ങളിലൊന്ന് സഹോദരന്‍ അയ്യപ്പന്റേതായിരുന്നു. കൊച്ചി സംസ്ഥാനത്തിലെ നിയമ സഭയില്‍ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ചത് സഹോദരനാണ് . ഏറ്റവും ഫലപ്രദമായും ആകര്‍ഷകമായും മാതൃഭാഷയില്‍ മാത്രമേ പ്രസംഗിക്കാന്‍ കഴിയൂ എന്നതായിരുന്നു സഹോദരന്റെ അഭിപ്രായം. പിന്നീട് പല നിയമസഭാംഗങ്ങളും അയ്യപ്പന്റെ പാത പിന്തുടര്‍ന്ന് മലയാളത്തില്‍ പ്രസംഗിക്കാന്‍ തയ്യാറായി.

ജനതയുടെ അറിവ് ,അനുഭവം, സൗന്ദര്യബോധം തുടങ്ങിയവ രൂപപ്പെടുന്നത് മാതൃഭാഷാജ്ഞാനവുമായി ബന്ധപ്പെട്ടാണെന്ന തിരിച്ചറിവ് അയ്യപ്പനുണ്ടായിരുന്നു. ഭരണം,കോടതി വിദ്യാഭ്യാസം തുടങ്ങിയ പൊതുവ്യവഹാര മണ്ഡലങ്ങളില്‍ മാത്യഭാഷ നിര്‍ബന്ധമാക്കുന്നത് ഭാഷാപരമായ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രവര്‍ത്തനമാണെന്ന് സഹോദരന് അറിയാമായിരുന്നു.
വ്യക്തിയുടെ മാത്രമല്ല, ദേശത്തിന്റെയും സ്വത്വം നിര്‍ണയിക്കുന്നത് മാതൃഭാഷ യാണെന്നും നവോത്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ഭാഷ മാതൃഭാഷയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു . നമ്മുടെ വിജ്ഞാനോല്പാദനത്തിന്റെയും വിജ്ഞാന വിനിമയത്തിന്റെയും ഭാഷ മലയാളമാവുമ്പോഴാണ് ദേശത്തിന്റെ വികസനം സാധ്യമാവുക എന്ന കാഴ്ചപ്പാട് സഹോദരന്‍ വച്ചുപുലര്‍ത്തിയിരുന്നു.

‘മലയാളികളുടെ സര്‍ക്കാര്‍ ഭാഷയും വിദ്യാഭ്യാസ ഭാഷയും മലയാളം ആയിരിക്കണ’മെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇംഗ്ലീഷിനോട് അദ്ദേഹത്തിന് വിരോധം ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് ഭാഷ കൊണ്ട് മലയാളത്തിനുണ്ടായിട്ടുള്ള ഗുണങ്ങള്‍ ഒരിക്കലും വിസ്മരിക്കരുതെന്നും മലയാളത്തെ പ്രധാന ഭാഷയാക്കുമ്പോള്‍ സ്‌കൂളുകളിലും കോളേജുകളിലും ഇംഗ്ലീഷ് ഒരു നിര്‍ബന്ധിത ഉപഭാഷയായി തുടരണമെന്നും സഹോദരന്‍ അഭിപ്രായപ്പെട്ടു.

1934 ല്‍ ‘മലയാള ഭാഷയുടെ അഭിവൃദ്ധി മാര്‍ഗ്ഗം’ എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമയില്‍ സഹോദരന്‍ എഴുതിയ ലേഖനം മൗലികവും ശാസ്ത്രീയവുമായ ഭാഷാ ചിന്തകളാല്‍ സമ്പന്നമാണ്. മലയാളത്തില്‍ വിജ്ഞാന സമ്പത്ത് കുറവായ കാരണം പറഞ്ഞു വിദ്യാഭ്യാസം വിദേശ ഭാഷയില്‍ ആകുന്നത് നല്ല നയമായി കരുതാന്‍ നിവൃത്തിയില്ല എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഏതു ഭാഷയിലെ വിജ്ഞാനസമ്പത്തും ഭാഷയിലേക്ക് പകര്‍ത്തുവാന്‍ പ്രയാസമില്ല. ഭാഷയില്‍ വിജ്ഞാന സമ്പത്ത് കുറവാണെങ്കില്‍ അതു വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. അല്ലാതെ ഭാഷ എന്നും അങ്ങനെ കിടക്കട്ടെ എന്ന് വെയ്ക്കുകയല്ല വേണ്ടത്. മാതൃഭാഷ തന്നെ പ്രധാന ഭാഷയാക്കണം.
ഭാഷയും സാഹിത്യവും അഭിവൃദ്ധിപ്പെടാന്‍ അതാണ്
ചെയ്യേണ്ടതെന്ന് സഹോദരന്‍ പറയുന്നു.

‘മലയാളികള്‍ പാണ്ഡിത്യം നേടുന്നത് മലയാളത്തില്‍ കൂടിയല്ല. അതിനാല്‍ തന്നെ മലയാളത്തില്‍ ഫലിക്കുവാനും മാര്‍ഗ്ഗമില്ല. ഭാഷയുടെ അഭിവൃദ്ധി അത് സംസാരിക്കുന്ന ജനങ്ങളുടെ അഭിവൃദ്ധി അതില്‍ പ്രതിഫലിച്ചിട്ടാണ്. മലയാളികളെ ഭരിക്കുന്ന ഗവണ്‍മെന്റിന്റെ ആഭ്യന്തര കാര്യത്തിലുള്ള എഴുത്തുകുത്തുകള്‍ ഇംഗ്ലീഷില്‍ തന്നെ വേണമെന്ന് വെച്ചിരിക്കുന്നത് അനാവശ്യവും ദോഷകരവുമാണ്. മലയാളത്തില്‍ വിദ്യാഭ്യാസം സിദ്ധിച്ചവര്‍ ഉദ്യോഗത്തിലിരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുകയും വഴി ഗവണ്‍മെന്റിന്റെ ഭരണം കാര്യക്ഷമമാക്കുന്നു ‘ . തുര്‍ക്കി, സ്‌കോട്ട്ലന്‍ഡ്, അയര്‍ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ മാതൃഭാഷാ സമീപനം സഹോദരന്‍ എടുത്തുപറയുന്നുണ്ട് .

മാതൃഭാഷയും വികസനവും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞ ഒരു പണ്ഡിതന്റെ ശബ്ദമാണ് സഹോദരന്റെ മാതൃഭാഷാ സമീപനത്തില്‍ നാം കേള്‍ക്കുന്നത്. ജീവിതകാലം മുഴുവന്‍ കീഴാളരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സഹോദരന്‍, അവരുടെ വിമോചനത്തിന്റെ അനിവാര്യ ഘടകങ്ങളിലൊന്ന് മാതൃഭാഷയില്‍ ഭരിക്കപ്പെടാനുള്ള അവകാശമാണെന്ന് മനസ്സിലാക്കിയിരുന്നു. ഈ നവോത്ഥാന നായകന്റെ ഭാഷാദര്‍ശനത്തെ പിന്‍പറ്റാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞോ എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതാണ്.