ബാലുശ്ശേരിയില്‍ മത്സരിക്കാന്‍ ധര്‍മ്മജന്‍ താത്പര്യം അറിയിച്ചു; സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ എം.എം ഹസന്‍


തിരുവനന്തപുരം: ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ എം. എം ഹസന്‍ പറഞ്ഞു. ഐശ്വര്യ കേരള യാത്രയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.ഇതോടെ കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന കാര്യത്തില്‍ സാധ്യതയേറുന്നുണ്ട്.

സംവരണമണ്ഡലമായ ബാലുശ്ശേരിയില്‍ നിലവില്‍ മുസ്ലീം ലീഗാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി യു.സി.രാമന്‍ 15000-ത്തോളം വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന പുരുഷന്‍ കടലുണ്ടിയോട് പരാജയപ്പെട്ടത്. ധര്‍മ്മജന് ബാലുശ്ശേരിയില്‍ മത്സരിക്കണമെങ്കില്‍ സീറ്റ് മുസ്ലീംലീഗില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതായി വരും.

നേരത്തെ മുസ്ലീം ലീഗ് മത്സരിച്ചിരുന്ന കുന്ദമംഗലം നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസാണ് മത്സരിച്ചത്. കുന്ദമംഗലം ലീഗിന് നല്‍കി ബാലുശ്ശേരി കോണ്‍ഗ്രസ് ഏറ്റെടുക്കുക എന്നൊരു നിര്‍ദേശം ഇതിനോടകം ജില്ലയിലെ യുഡിഎഫില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സിപിഎം സിറ്റിംഗം സീറ്റായ ബാലുശ്ശേരിയില്‍ ധര്‍മ്മജനെ പോലെ ജനപ്രിയനായ ഒരാളെ സ്ഥാനാര്‍ത്ഥിയായി കൊണ്ടു വന്നാല്‍ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക