ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കേരളം; നാളെ കേരള ബജറ്റ്


തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കേന്ദ്രനികുതി വിഹിതത്തില്‍ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. വനിതകളുടെ ക്ഷേമത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകും. ക്ഷേമ പെന്‍ഷന്‍ തുക 100 രൂപ കൂടി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ചും ബജറ്റില്‍ വിവരിച്ചേക്കും. സാമ്പത്തിക ബാധ്യത എത്ര തന്നെയായാലും കോവിഡ് വാക്സിന്‍ സൗജന്യമായിരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഇത്തവണത്തെ ബജറ്റ്. ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ചചെയ്ത് അംഗീകരിക്കാന്‍ സമയമില്ലാത്തതിനാല്‍ അടുത്ത നാല് മാസത്തെ ചെലവുകള്‍ക്കുള്ള വോട്ടോണ്‍ അക്കൗണ്ടാകും പാസാക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി വെള്ളിയാഴ്ച അവതരിപ്പിക്കുക. ധനമന്ത്രിയെന്ന നിലയില്‍ തോമസ് ഐസക് അവതരിപ്പിക്കാന്‍ പോകുന്ന 12-ാം ബജറ്റായിരിക്കും.

അടുത്ത ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്ന കാര്യങ്ങളോ, അതിനോട് അടുത്ത് നില്‍ക്കുന്നവയോ പ്രവചിക്കുന്നവര്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സമ്മാനം നല്‍കുന്നതിനൊപ്പം തന്നെ വിജയികള്‍ക്കൊപ്പം ഇരുന്ന് സംസാരിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. കൊവിഡാനന്തരം സംസ്ഥാനം എങ്ങനെ മുന്നോട്ട് പോകും എന്ന കാര്യത്തില്‍ വ്യക്ത വരുത്തുന്ന പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക