പഴമയുടെ പ്രൗഡിയോടെ കൊയിലാണ്ടി കോടതിക്ക് കവാടമൊരുങ്ങുന്നു


കൊയിലാണ്ടി: നൂറ്റാണ്ടുകൾ പഴക്കമുള്ള കൊയിലാണ്ടി കോടതിക്ക് ആകർഷകമായ കവാടമൊരുങ്ങുന്നു. പഴമയുടെ പ്രൗഡിയും ഗരിമയും പേറുന്ന മനോഹരമായ കവാടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കെ.ദാസന്‍ എം.എല്‍.എ യുടെ ആസ്തിവികസന നിധിയില്‍ നിന്ന് അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ചാണ് കവാടവും ചുറ്റുമതിലും പണിയുന്നത്. ദേശീയപാതയില്‍ നിന്നും ഒരു മീറ്റര്‍ പുറകോട്ട് നീക്കിയാണ് ചുറ്റുമതിലും കവാടവും നിര്‍മ്മിക്കുന്നത്. ഇരുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കൊയിലാണ്ടി കോടതിയുടെ പൗരാണികമായ പ്രൗഡി നിലനിര്‍ത്തും വിധമാണ് കവാടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ കരാര്‍.

നിലവില്‍ സബ്ബ് കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഓടു മേഞ്ഞ മേല്‍ക്കൂര തകര്‍ച്ചയുടെ വക്കിലാണ്. കഴിഞ്ഞ മഴക്കാലത്ത് ഈ കെട്ടിടത്തിന്റെ ഒരു വശത്തെ മേല്‍ക്കൂര നിലംപൊത്തിയിരുന്നു. ഈ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി 20 ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. പഴയ കെട്ടിടം അറ്റകുറ്റ പണി ചെയ്യാന്‍ ആദ്യഘട്ടത്തില്‍ കരാറുകാര്‍ ആരും മുന്നോട്ട് വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാസര്‍ഗോഡ് മേഖലയിലെ ഒരു കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തതായാണ് വിവരമെന്ന് കെ. ദാസന്‍ എം.എല്‍.എയുടെ ഓഫീസില്‍ നിന്നറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മ്മാണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് കോടതി കെട്ടിടത്തിന്റെ അറ്റകുറ്റ പണി നടത്തുക.

1913 ലാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. പഴയ കോടതി കെട്ടിടത്തിന്റെ തനിമയും പ്രൗഡിയും അതേപടി നിലനിര്‍ത്തി കൊണ്ടായിരിക്കും അറ്റകുറ്റ പണി നടത്തുക. കോടതിയ്ക്ക് മുന്നില്‍ ചുറ്റുമതിലും, കവാടവും നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന വക്കീല്‍ ഗുമസ്ഥന്‍മാരുടെ മുറിയുടെ ചെറിയൊരുഭാഗം പൊളിച്ചു മാറ്റിയിരുന്നു. കൊയിലാണ്ടി നഗരത്തില്‍ നടപ്പിലാക്കുന്ന റോഡ് വികസന പദ്ധതിയുടെ ഭാഗമായിട്ട് കൂടിയാണ് വക്കില്‍ ഗുമസ്ഥന്‍മാര്‍ ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത്.

കൊയിലാണ്ടി കോടതിയുടെ ദ്വൈശതാബ്ദി വാര്‍ഷിക സ്മരണാര്‍ത്ഥം എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ ദ്വൈശതാബ്ദി കെട്ടിടം നിര്‍മ്മിച്ചിരുന്നു. ഈ കെട്ടിടത്തിലാണ് പുതുതായി കൊയിലാണ്ടിയില്‍ അനുവദിച്ച പോക്‌സോ കോടതി, എം.എ.സി.ടി കേമ്പ് സിറ്റിംങ്ങ്, ബാര്‍ അസോസിയേഷന്‍ ഹാള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക