നമ്മുടെ നാടിന് പുതുവത്സര സമ്മാനം; കോരപ്പുഴപ്പാലം വഴി ജനുവരി മുതല്‍ യാത്രചെയ്യാം
കൊയിലാണ്ടി: ഇനി ആശങ്കയില്ലാതെ, ഭയപ്പെടാതെ കോരപ്പുഴപ്പാലം കടന്ന് സഞ്ചരിക്കാം. ജനുവരി മാസത്തില്‍ പുതിയ പാലം യാത്രയ്ക്കായി തുറന്നു നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന. നിര്‍മ്മാണ പ്രവര്‍ത്തനം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളരെ വേഗത്തില്‍ നടക്കുകയാണ്.
12 മീറ്റര്‍ വീതിയില്‍ രണ്ട് വാഹനങ്ങള്‍ക്ക് സുമഗമായി കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചത്. പഴയ പാലത്തിന് 5.5 മീറ്റര്‍ വീതി മാത്രമേയുണ്ടായിരുന്നുളളു. പാലത്തിന്റെ ഇരുവശത്തും നടപ്പാതകളും ഉണ്ടാവും. പാലത്തിന്റെ ഇരു വശത്തുമായി 350 മീറ്റര്‍ നീളത്തില്‍ സമീപ റോഡിന്റെയും പ്രവര്‍ത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പാലത്തിന്റെ ഓരോ സ്പാനും 32 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് സ്പാനുകള്‍ നിര്‍മ്മിക്കുന്നത്. ഇരു കരകളിലും പുഴയിലുമായി നിര്‍മ്മിച്ച എട്ട് തൂണുകളിലാണ് പാലം പണിയുന്നത്. 24.32 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. കോരപ്പുഴ പഴയ പാലത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്ന ആര്‍ച്ചുകള്‍ പുതിയ പാലത്തിനും ഉണ്ട്. സമീപന റോഡിന്റെ പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കോരപ്പുഴ അങ്ങാടിയില്‍ നിന്ന് 150 മീറ്ററും എലത്തൂര്‍ ഭാഗത്ത് നിന്ന് 180 മീറ്ററും നീളത്തിലാണ് അപ്രോച്ച് റോഡ് പണിയുന്നത്. നിശ്ചിത സമയത്ത് തന്നെ പാലം പണി പൂര്‍ത്തിയാക്കുമെന്ന് യു.എല്‍.സി.സി അധികൃതരും പറഞ്ഞു.