‘ദ്രോഹിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം’ വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിന് ഒരുങ്ങി മേപ്പയ്യൂര്‍


മേപ്പയ്യൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിനായി ഒരുങ്ങി മേപ്പയ്യൂര്‍. ഡിസംബര്‍ 12 നാണ് മേപ്പയ്യൂരില്‍ സമ്മേളനം നടക്കുക. ‘ദ്രോഹിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം’ എന്ന പ്രമേയത്തില്‍ ഊന്നിയാണ് സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പതാക ദിനമായും ആചരിച്ചു. 12 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ ആണ് ഉദ്ഘാടനം ചെയ്യുക. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.

വൈകീട്ട് 4 മണിക്ക് മേപ്പയ്യൂര്‍ ഹയര്‍ക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ മണ്ഡലത്തിലെ ഇരുപതോളം യൂണിറ്റുകളില്‍ നിന്ന് അംഗങ്ങള്‍ പങ്കെടുക്കും. യൂത്ത് വിംഗ്, വനിതാ വിംഗ് പ്രവര്‍ത്തകര്‍ സജീവമായി പ്രകടനത്തിലുണ്ടാകും. ബാന്റ് മേളവും നിശ്ചല ദൃശ്യവുമെല്ലാം ഉള്‍പ്പെടുത്തി സമ്മേളനം ഗംഭീരമാക്കാനാണ് സ്വാഗത സംഘത്തിന്റെ തീരുമാനം. 6 മണിക്ക് പൊതുസമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും. ജില്ലാ ജന. സെക്രട്ടറി സേതുമാധവന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് സംസ്ഥാന – ജില്ലാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ ഷംസുദ്ദീന്‍ കമ്മന, ടി.എം. ബാലന്‍, വി.എം കുഞ്ഞബ്ദുള്ള, രാജന്‍ ഒതയോത്ത്, ശ്രീജിത്ത് അശ്വതി, ഒ.പി. മുഹമ്മദ്, സുരേഷ്ബാബു കൈലാസ്, അലങ്കാര്‍ ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.