ഡൽഹിയിൽ കൊടും തണുപ്പിൽ, സമരച്ചൂടിൽ ഷിജുമാഷും സഖാക്കളും


കൊയിലാണ്ടി: ഷാജഹാൻപൂരിലെ കർഷക സമരത്തിൽ പങ്കെടുത്ത് ശ്രദ്ധാകേന്ദ്ര മാകുകയാണ് കെ.ഷിജു മാസ്റ്ററും സംഘവും. കർഷകസംഘത്തിന്റെ സംസ്ഥാന കമ്മറ്റി അംഗമായ ഷിജു മാസ്റ്റർ കഴിഞ്ഞ ഏഴ് ദിവസമായി സമരക്കാരോടൊപ്പമുണ്ട്. സമരകേന്ദ്രത്തിൽ താൽക്കാലികമായി കെട്ടിയ ടെന്റുകളിൽ താമസിച്ച് കൊടും തണുപ്പിന്റെ പരിചിതമല്ലാത്ത സാഹചര്യത്തിലും ആവേശത്തോടെ സമരത്തിൽ പങ്കെടുക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ പരേഡിൽ 70 കിലോമീറ്ററോളം ട്രാക്ടറിൽ സമരത്തിനൊപ്പം അണിചേരുകയുണ്ടായി.

കർഷകസംഘം കേരള സംസ്ഥാന കമ്മറ്റി രണ്ടു ബാച്ചുകളിലായി 1000 പ്രവർത്തകരെയാണ് ഷാജഹാൻപൂരിലെ സമരത്തിൽ ഇതുവരെ പങ്കെടുപ്പിച്ചത്. 500 പേരുടെ ആദ്യ സംഘം ജനുവരി 21 ന് കേരളത്തിലേക്ക് തിരിച്ചു. കെ.ഷിജു മാസ്റ്റർ നേതൃത്വം കൊടുക്കുന്ന 500 പേരടങ്ങുന്ന രണ്ടാമത്തെ സംഘമാണ് ഇപ്പോൾ സമരകേന്ദ്രത്തിൽ ഉള്ളത്. കൊയിലാണ്ടിയിൽ നിന്ന് ഒ.ടി.വിജയൻ, പയ്യോളിയിലെ എം.എം.നിസാർ എന്നിവരും ഷിജു മാസ്റ്റർക്കൊപ്പം സമരകേന്ദ്രത്തിലുണ്ട്. ആദ്യ സംഘത്തിൽ കൊയിലാണ്ടിയിൽ നിന്ന് പയ്യോളി മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ടി.സുരേഷ് ബാബു, ചേമഞ്ചേരിയിൽ നിന്നുള്ള ഇ.അനിൽ കുമാർ, പി.കെ.പ്രസാദ്, എം.കൃഷ്ണൻ എന്നിവരാണ് ഡൽഹിയിൽ സമരത്തിൽ പങ്കെടുത്തത്.

കർഷക പോരാട്ടങ്ങളുടെ വേദിയായ ഡൽഹി അതിർത്തിയായ ഷാജഹാൻപൂർ ഇതിനോടകം രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. നാൽപ്പതോളം കർഷകസംഘടനകളുടെ സംയുക്ത സമരസമിതിയായ സംയുക്ത കിസാൻ സംഘർഷ് മോർച്ചയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് കർഷകരാണ് കഴിഞ്ഞ 60 ദിവസങ്ങളായി സഹന സമരം നടത്തുന്നത്.

കാർഷിക മേഖലയെ തകർക്കുന്ന, കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കരിനിയമങ്ങൾ പിൻവലിച്ചാലല്ലാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് സമരക്കാരുടെ ഉറച്ച നിലപാട്. ഇന്ത്യയുടെ 72ാം റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടറുകളുമായി സമാന്തര കർഷ പരേഡ് നടത്തി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പുതിയ സമരാദ്ധ്യായം രചിച്ചിരിക്കുകയാണ് കർഷകർ.