ചെങ്ങോട്ട്കാവിലും ഇടതു തേരോട്ടം; ബിജെപിയ്ക്ക് കനത്ത തിരിച്ചടി


കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്തില്‍ ഇടതുപക്ഷത്തിന് ഉജ്ജ്വല വിജയം. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരിച്ച പഞ്ചായത്ത് ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഭരണത്തിലെത്തുന്നത്. ആകെയുള്ള പതിനേഴ് സീറ്റില്‍ ഒന്‍പതിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. യുഡിഎഫിന് ആറ് സീറ്റാണ് ലഭിച്ചത്. ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചടക്കും എന്ന് പ്രഖ്യാപിച്ച് വന്‍ പ്രചാരണം നടത്തിയ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ മൂന്ന് സീറ്റുണ്ടായിരുന്ന എന്‍ഡിഎ മുന്നണിയ്ക്ക് ഇത്തവണ രണ്ട് സീറ്റിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളു.

യുഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൂമുള്ളി കരുണന്റെ മൂന്നാം വാര്‍ഡും പതിനേഴാം വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച ഏഴ്, ഒന്‍പത് വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പിടിച്ചെടുത്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ അഞ്ചാം വാര്‍ഡില്‍ ബിജെപി വിജയിച്ചു.

പഞ്ചായത്തില്‍ ഏഴ് മുതല്‍ ഒമ്പത് സീറ്റുകളിലാണ് എല്‍ ഡി എഫ് വിജയിക്കുക എന്നായിരുന്നു കൊയിലാണ്ടി ന്യൂസ് ഡോട് കോം വോട്ടെടുപ്പിന് ശേഷം പുറത്ത് വിട്ട എക്‌സിറ്റ് പോള്‍. യു ഡി എഫിന് അഞ്ച് മുതല്‍ എട്ടു വരെ സീറ്റുകളും ബി ജെ പിക്ക് ഒന്നു മുതല്‍ നാല് വരെ സീറ്റുകളും ലഭിക്കുമെന്ന് പ്രചവിച്ചു. പ്രവചനം കൃത്യമെന്ന് കൂടി തെളിയിക്കുന്നു തിരഞ്ഞെടുപ്പ് ഫലം.

കഴിഞ്ഞ തവണ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ഏഴ് വീതം സീറ്റും എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുമാണ് പഞ്ചായത്തില്‍ ലഭിച്ചത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ കൂമുള്ളി കരുണന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.