കർഷക സമരം പൊതുജീവിതത്തിലെ അനുഭവ സാക്ഷ്യം.


കെ.ഷിജു മാസ്റ്റർ

ഷാജഹാൻപൂർ: കർഷക സമരം സമാനതകളില്ലാതെ പുതിയ ഗാഥ രചിക്കുന്നു. ഓരോ പ്രതിസന്ധിയേയും അതിജീവിക്കാൻ സമരവളണ്ടിയർമാർ പരസ്പരം മത്സരിക്കുന്നു. അതിശൈത്യം മൂലം കേരള സഖാക്കൾക്ക് വന്നു ചേരുന്ന അസ്വസ്ഥതകൾ ലക്ഷ്യബോധത്തിനു മുമ്പിൽ വഴിമാറി.

മാസങ്ങൾക്കു മുമ്പ് തന്നെ ഉത്തരേന്ത്യൻ കർഷകർ പ്രക്ഷോഭപാതയിലായിരുന്നു. എന്നാൽ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കാരണം ജനുവരി 4 ചേർന്ന സംസ്ഥാന കമ്മറ്റിയാണ് ജനുവരി 11 മുതൽ കേരളത്തിൽ നിന്ന് ഡൽഹി സമരത്തിന് പങ്കാളിത്തം നിശ്ചയിച്ചത്. ആദ്യ ബാച്ചിൽ വന്ന സഖാക്കൾ തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിച്ചു കൊണ്ട് മുന്നേറി.

ഞാനടക്കമുള്ള അഞ്ഞൂറു പേരുടെ രണ്ടാം ബാച്ച് സമരത്തിൽ പങ്കെടുക്കാനായി ജനുവരി 21 നാണ് നാട്ടിൽ നിന്നും തിരിച്ചത്. കൂടെ കൊയിലാണ്ടിയിൽ നിന്നും ഒ.ടി.വിജയനും, പയ്യോളിയിൽ നിന്ന് എം.എം.നിസാറും. പൊതു യാത്രയയപ്പും, റയിൽ വേ സ്റ്റേഷനിലെ യാത്രയയപ്പും വേറിട്ട അനുഭവമായിരുന്നു. ഞങ്ങൾ 23ന് വൈകുന്നേരത്തോടെ ഡൽഹി ഹരിയാന അതിർത്തിയിൽ ഷാജഹാൻപൂരിലെ സമര കേന്ദ്രത്തിലെത്തി.സമരകേന്ദ്രത്തിൽ ഞങ്ങളെ സ്വീകരിക്കാൻ കർഷകസംഘം സംസ്ഥാന പ്രസിഡൻറ് കെ.കെ. രാഗേഷ് എം.പി ഉണ്ടായിരുന്നു.

പ്രാഥമിക നിർദ്ദേശങ്ങൾ നൽകിയശേഷം ഞങ്ങൾക്ക് താമസ സൗകര്യ ഒരുക്കിയ ടെന്റുകൾ കാണിച്ചുതന്നു. മലയാളിയുടെ പ്രാഥമിക സൗകര്യത്തിനുള്ള കണിശത ആദ്യ ഘട്ടത്തിൽ ചിലരെയെങ്കിലും പ്രയാസപ്പെടുത്തിയെങ്കിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും, എല്ലാ പരിമിതികളും അതിജീവിക്കാനും സന്നദ്ധരായിരുന്നു എല്ലാ സമര വളണ്ടിയർമാരും. എല്ലാവരുടെയും മനസ്സിൽ ലക്ഷ്യം നാടിനെ തകർക്കുന്ന കാർഷിക കരിനിയമത്തിനെതിരെയുള്ള പോരാട്ടം മാത്രമായിരുന്നു.

വളണ്ടിയർമാർക്കുള്ള ഭക്ഷണം ഒരുക്കാനായി തയ്യാറാക്കിയ വെത്യസ്‌ത പവലിയനുകളാണ് നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ച. വെത്യസ്ത ദേശത്തുള്ളവർ തങ്ങളുടെ നാട്ടിലെ വിഭവങ്ങൾ ഒരുക്കാനും വിളമ്പാനും ഏത് സമയവും സന്നദ്ധരായുണ്ട്. വിഭവങ്ങൾ തയ്യാറാക്കാൻ ആർക്കും സഹായിക്കാം. ഇവിടെ ജാതിയും മതവും ഭാഷയും ഒരു തടസ്സമല്ല. ഒന്നിച്ച് തയ്യാറാക്കി വിശപ്പടക്കുന്ന ഒരുമയുടെ സന്ദേശം നൽകി, നമ്മുടെ രാഷ്ട്ര സങ്കൽപം ഇവിടെ ദൃശ്യമാവുന്നു.

ഈ സമരത്തിനിടയിൽ പൊലിഞ്ഞു പോയ ധീരൻമാരുടെ ജീവനാണ് സമരവേദിയിൽ ഞങ്ങളെ വളരെ വേദനിപ്പിച്ചത്. രാജ്യം റിപ്പബ്ലിക് ആയ ദിനത്തിൽ സമരഭൂമിയിൽ മരിച്ചു വീണ ധീര പോരാളിയെ നമുക്ക് രക്തസാക്ഷികളുടെ രക്തസാക്ഷിയായി നെഞ്ചേറ്റാം. സമരത്തിനിടെയുണ്ടായ അക്രമത്തെ ആരും ന്യായീകരിക്കില്ല. എങ്കിലും ഈ സമരം ആ ദിവസം തുടങ്ങിയതല്ല, മറിച്ച് മാസങ്ങൾക്ക് മുമ്പ്, ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തി ജനാധിപത്യത്തിന്റെ ശ്രീ കോവിലായ ഇൻഡ്യൻ പാർലമെന്റിൽ കർഷക വിരുദ്ധ ബിൽ അവതരിപ്പിച്ച അന്നുമുതൽ കർഷകരുടെ പ്രതികരണങ്ങൾ ആരംഭിച്ചതാണ്. പ്രകടനങ്ങൾ, ധർണാ സമരങ്ങൾ, ഒന്നും പരിഗണിച്ചില്ല. ഫാസിസം നടപ്പാക്കുന്ന ഒരു ഗവൺമെന്റിൽ നിന്ന് നാം അത് പ്രതീക്ഷിക്കരുതല്ലോ.

ജനുവരി 26 ന് ലോകശ്രദ്ധ പിടിച്ചു പറ്റിയ സമരമായിരുന്നു റിപ്പബ്ലിക് ദിന പരേഡിന് സമാന്തരമായി കർഷകർ നടത്തിയ ട്രാക്ടർ പരേഡ്. തന്റെ കൃഷിയിടത്തിൽ ഇനി ഇതിറക്കിയത് കൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവാണ് ഓരോ കർഷകനേയും റോഡിലേക്കിറക്കിയത്. തെരുവിൽ അവർ കൊടി നിറം നോക്കിയില്ല.യഥാർത്ഥത്തിൽ തേങ്ങലോടെയായിരുന്നു അവരുടെ വാക്കുകൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. സമരത്തിൽ ഞങ്ങൾ പ്രതീക്ഷയോടെ മുന്നേറുമ്പോഴാണ് ഗാന്ധി രക്തസാക്ഷി ദിനം കടന്നുവന്നത്. ആ ദിനം സമരവളണ്ടിയർമാർ ഉപവാസമനുഷ്ഠിച്ചു. ഗാന്ധി സമരമുറയുടെ കാലിക പ്രധാന്യം സമരമുഖത്ത് നിറഞ്ഞു നിന്നു.

ജനാധിപത്യം ബി.ജെ.പിക്ക് ഒട്ടും ദഹിക്കുന്നില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അനുഭവങ്ങളും ഉണ്ടായി. ഷാജഹാൻ പൂരിലെ സമരകേന്ദ്രത്തിൽ ഞങ്ങൾ ഇരിക്കുന്നതിന് തൊട്ടടുത്ത് ബാരിക്കേഡിനപ്പുറം ഉച്ചഭാഷിണിയുമായി ബഹളം വെച്ച് ഞങ്ങളെ നേരിടാനുള്ള പാഴ്ശ്രമം നടന്നു. അങ്ങേയറ്റം നാണം കെട്ട ഒരു കാഴ്ചയായിരുന്നു ഇത്. പകലത്തെ സമരം കഴിഞ്ഞ് രാത്രി ഉറങ്ങുന്ന ഞങ്ങളുടെ ടെൻഡിന് നേരെ സംഘ പരിവാർ ശക്തികൾ ആയുധമായി കടന്നുവന്നു. ഒറ്റ മനസ്സോടെയാണ് സമരക്കാർ അതിനെ നേരിട്ടത്. ഇവിടെ കഴിയുന്ന ഇൻഡ്യൻ സഹോദരങ്ങൾ അപ്പോഴാണ് തങ്ങളുടെ കരുത്ത് തിരിച്ചറിയുന്നത്. വന്നവരെ ജീവനോടെ തിരികെ അയക്കാനുള്ള സഹജീവി സ്നേഹം കാണിക്കാനും അവർ മറന്നില്ല.

ലോകമറിയുന്ന ദയാഭായിയെ പോലുള്ള സാമൂഹ്യ പ്രവർത്തകർ സമരകേന്ദ്രത്തിൽ ദിവസങ്ങളോളം പങ്കെടുക്കുകയുണ്ടായി. ഈ പ്രായത്തിലും അവർ കാണിക്കുന്ന പോരാട്ട വീര്യം ഏവരെയും അൽഭുതപ്പെടുത്തും. അവരോടൊപ്പമുള്ള നിമിഷങ്ങൾ പൊതുജീവിതത്തിലെ വ്യത്യസ്തമായ അനുഭവമാണ്. അഖിലേന്ത്യാ കിസാൻ സഭയുടെ നേതാക്കൻമാർ ശക്തമായ നേതൃത്വവുമായി ഞങ്ങളെ മുന്നിൽ നിന്ന് നയിച്ചു. സമരം വരുംനാളുകളിലും കൂടുതൽ ഊർജ്ജ്വസ്വലമായി മുന്നേറും, കാരണം ഇത് വിശക്കുന്നവന്റെ വേദനയാണ്. അവന് മറ്റ് മാർഗ്ഗങ്ങളില്ല , അധികാരികളുടെ കണ്ണ് തുറക്കും വരെ അവന്റെ നിലവിളി തുടരും. നാം അതേറ്റെടുത്തെ മതിയാവൂ. ഇല്ലെങ്കിൽ നാളെ ആ കരച്ചിൽ നമ്മുടെ കുട്ടികളുടേതുമാവും. അവർ ചോദിക്കും നിങ്ങളെന്തു ചെയ്തു എന്ന്. ഉത്തരം മുട്ടരുത്. നമുക്ക് മുന്നേറാം. കിസാൻ ഏകതാ സിന്ദാബാദ്.