കോഴിക്കോട്ട് വീട്ടില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു


കോഴിക്കോട്: നല്ലളം തെക്കേപാടത്തെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കുറ്റിയില്‍തറ കമലയുടെ വീട്ടിലാണ് രാത്രിയോടെ തീപ്പിടിത്തമുണ്ടായത്. വീടു നിര്‍മ്മാണം നടക്കുന്നതിനാല്‍ കുടുംബം താമസിച്ചുവന്ന ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡാണ് കത്തിനശിച്ചത്. രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും വസ്ത്രങ്ങളും വസ്തുവിന്റെ രേഖകളും പൂര്‍ണമായും കത്തി നശിച്ചു. വീട്ടിലെ ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും കത്തി നശിച്ചു.

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച സമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവ സ്ഥലത്തേക്കുള്ള വഴികള്‍ ഇടുങ്ങിയതായതിനാല്‍ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാനായില്ല. ഓടിക്കൂടിയ നാട്ടുകാരാണ് തീ യന്ത്രണ വിധേയമാക്കിയത്. ഉടന്‍തന്നെ ജീപ്പിലും മറ്റും എത്തിയ അഗ്നിശമന സേന പോര്‍ട്ടബിള്‍ വാട്ടര്‍ മിസ്റ്റ് ഉപയോഗിച്ച് തീ പൂര്‍ണമായും അണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നഷ്ടം കണക്കാക്കിയിട്ടില്ല.മീഞ്ചന്ത സ്റ്റേഷന്‍ ഓഫീസര്‍ പി വി വിശ്വാസിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണച്ചു.