കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിൽ സ്വകാര്യ പരസ്യ കമ്പനിയുടെ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റി


കൊയിലാണ്ടി: കഴിഞ്ഞ ഒന്നര വർഷം മുമ്പ് പൊളിച്ച് മാറ്റാൻ നഗരസഭ ഉത്തരവിട്ട പഴയ സ്റ്റാന്റിലെ കോടതിയുടെ ഭാഗത്തെ ബസ്സ്‌ സ്‌റ്റോപ്പിലാണ് വീണ്ടും വലിയ പരസ്യബോർഡ് വെക്കാൻ പാകത്തിൽ ഇന്നലെ വൈകീട്ട് സ്വകാര്യ പരസ്യ കമ്പനി കൺസ്ട്രക്ഷൻ ആരംഭിച്ചത്.

നിവിലുണ്ടായിരുന്ന ബസ്സ് സ്റ്റോപ്പിന് മുകളിൽ ഹോഡിംഗ് സ്ഥാപിക്കുന്ന പ്രവത്തിയാണ് ആരംഭിച്ചത്. 5 വർഷം മുമ്പാണ് വി.എൻ.ആർ. ഔട്ട് ഡോർ മീഡിയ എന്ന കമ്പനിക്ക് ബസ്സ് കാത്തിരിപ്പ് കേന്ദ്രം പണിയാൻ നഗരസഭ നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകിയത്.

എഗ്രിമെന്റ് പ്രകാരം പഴയ ബസ്സ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിന്റെ ഭാഗമായി ഒന്നര വർഷം മുമ്പ് നഗരസഭ ഇത് പൊളിച്ച് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. വടകര ആസ്ഥാനമായ ഈ പരസ്യക്കമ്പനിയാണ് നഗരസഭ ഉത്തരവ് മാനിക്കാതെ വീണ്ടും കൂറ്റൻ പരസ്യ ബോർഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

വീണ്ടും പരാതി ഉയർന്നതോടെ നഗരസഭ സെക്രട്ടറിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥരെത്തി ഇന്ന് പ്രസ്തുത നിർമ്മാണം പൊളിച്ചുമാറ്റുകയായിരുന്നു. നഗരസഭ സൂപ്രണ്ട് അനിൽകുമാർ, റവന്യു ഇൻസ്പെക്ടർ ഷാനിൽകുമാർ ജീവനക്കാരായ മുരളീധരൻ, ജിഷാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത നിർമ്മാണം പൊളിച്ചുനീക്കിയത്.