കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആശയക്കുഴപ്പം; റജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് ടോക്കൺ ലഭിക്കുന്നില്ലെന്ന് പരാതി


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ ടോക്കന്‍ നല്‍കുന്നതിലെ ആശയക്കുഴപ്പം തര്‍ക്കത്തിനിടയാക്കി. ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്ത് ഇന്നലെ സമയം അനുവദിച്ച മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ക്ഷാമം മൂലം ഇന്നലെ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. 200 പേരാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇന്നലെ വാക്‌സിന്‍ ലഭിക്കാത്തവരും ഇന്നെത്തി. അവരോടൊപ്പം ഇന്നത്തേക്ക് റജിസ്‌ട്രേഷന്‍ അനുവദിക്കപ്പെട്ടവരും എത്തിയിരുന്നു. കൂടാതെ രണ്ടാം ഡോസിനെത്തിയവരുമുണ്ടായിരുന്നു. ഇവര്‍ക്ക് ടോക്കണ്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. പിന്നീട് പോലീസ് എത്തിയാണ് തര്‍ക്കം പരിഹരിച്ചത്.

വാക്‌സിനെടുക്കാന്‍ എത്തുന്നവര്‍ കൂട്ടം കൂടി നില്‍ക്കുന്ന അവസ്ഥയും വാക്‌സിന്‍ കേന്ദ്രത്തിലുണ്ട്. പേര് വിളിച്ചു പറയാന്‍ മൈക്ക് ഇല്ലാത്തതിനാല്‍ പേര് വിളിക്കുന്നത് കേള്‍ക്കാന്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുകയാണ്. വാക്‌സിന്‍ കേന്ദ്രത്തില്‍ ആവശ്യത്തിന് സൗകര്യമൊരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനിടെ ഷെഡ്യൂള്‍ പ്രകാരമെത്തിയവര്‍ക്ക് കൃത്യമായി വാക്‌സിനെടുക്കാന്‍ പറ്റുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.