കൊയിലാണ്ടിയിൽ തൊഴിലാളിയെ കൊള്ളയടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു


കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി പോലീസ് പിടിയിലായി. കൊൽക്കത്ത സ്വദേശിയായ നിപു പൈറയെയാണ് ആക്രമിച്ച് പണവും, ആധാർ കാർഡും കവർച്ച നടത്തിയത്. കേസ്സിൽ മുചുകുന്ന് എരോത്ത് താഴ സുഗീഷ് (35) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ പരാതിക്കാരൻ തിരിച്ചറിയുകയും ചെയ്തു. കൊല്ലം ചിറയ്ക്ക് സമീപം സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് നിപു പൈറ. പ്രതിയെ പോലീസ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊയിലാണ്ടി സി.ഐ സി.കെ സുഭാഷ് ബാബു, എസ്.ഐ കെ.കെ.രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജു വാണിയംകുളം, സി.പി.ഒ. അനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൊയിലാണ്ടി ബസ് സ്റ്റാറാൻ്റിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രിയാണ് നിപു പൈറയെ തടഞ്ഞു നിർത്തി കവർച നടത്തിയത്. രാത്രി എട്ട് നാല്‍പതോടെ നിപു കൊയിലാണ്ടി കോടതിയ്ക്ക് എതിര്‍വശത്തുള്ള സിന്‍ഡിക്കേറ്റ് ബാങ്ക് എ.ടി.എമ്മിന് സമീപത്ത് കൂടി സൈക്കിളില്‍ വരികയായിരുന്നു. ആ സമയത്താണ് ഒരാള്‍ ആദ്യം തടഞ്ഞ് നിര്‍ത്തുകയും പിന്നീട് മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന പണം കവർന്നെടുക്കുകയും ചെയ്തത്.

മര്‍ദ്ദനമേറ്റ നിപു സൈക്കിള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതാണ് പോലീസിന് പ്രതിയെ പിടികൂടാൻ സഹായകരമായത്.