കൊയിലാണ്ടിയില്‍ മുല്ലപ്പളളിക്കായി കരുക്കള്‍ നീക്കുന്നു


രാഷ്ട്രീയകാര്യ ലേഖകൻ

കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ കരുക്കള്‍ നീക്കുന്നു. മുന്‍ വടകര എം.പി കൂടിയായ മുല്ലപ്പളളിയ്ക്ക് കൊയിലാണ്ടി മണ്ഡലത്തില്‍ നല്ല സ്വാധിനമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മല്‍സരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സബ്രഹ്മണ്യന് വടകര സീറ്റ് നല്‍കാനാണ് ആലോചന. വടകരയില്‍ ആര്‍.എം.പിയുടെ കൂടി പിന്തുണ ലഭിച്ചാല്‍ സുബ്രഹ്മണ്യന് വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. നേരെ മറിച്ച് മുല്ലപ്പളളിയാണ് വടകരയില്‍ മല്‍സരിക്കുന്നതെങ്കില്‍ ആര്‍.എം.പി പിന്തുണ കിട്ടാനുളള സാധ്യത കുറവാണ്. ഈ അടുത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് രമയുള്‍പ്പടെയുളള ആര്‍.എം.പി നേതാക്കളെ മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു. ഇതു കാരണം ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് വലിയ മമത മുല്ലപ്പളളിയോടില്ല.

കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ കേരളത്തിലെ ഏത് സീറ്റും ആവശ്യപ്പെട്ടാല്‍ മുല്ലപ്പളളിയ്ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശമുണ്ടാവും. കൊയിലാണ്ടി മല്‍സരിക്കാനാണ് മുല്ലപ്പളളിയ്ക്ക് താല്‍പ്പര്യമേറെ.
എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് താല്‍പ്പര്യം സുബ്രഹ്മണ്യനോടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് ശേഷവും സുബ്രഹ്മണ്യന്‍ കൊയിലാണ്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത് വരുന്ന നിയമ സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു തന്നെയാണ്.

കൊയിലാണ്ടിയില്‍ സ്വന്തം നാട്ടുകാരന്‍ കൂടിയായ ഡി.സി.സി പ്രസിഡന്റ് യൂ.രാജീവന്‍ മാസ്റ്ററെ മല്‍സരിപ്പിക്കാന്‍ ഏ ഗ്രൂപ്പ് അണിയറ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഐഗ്രൂപ്പിന്റെ ശക്തമായ ചെറുത്തു നില്‍പ്പ് കാരണം ആ നീക്കം പാളി. അതിനിടയിലാണ് അപ്രതീക്ഷിതമായി മുല്ലപ്പളളി കൊയിലാണ്ടിയില്‍ കണ്ണ് വെച്ചത്. കഴിഞ്ഞ പഞ്ചായത്ത് നഗരസഭ തിരഞ്ഞെടുപ്പില്‍ കേവലം 2300 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇടത് മുന്നണിയ്ക്ക് കൊയിലാണ്ടി മണ്ഡലത്തിലുളളു. യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി കരുത്തരാരെങ്കിലുമെത്തിയാല്‍ നിഷ്പ്രയാസം ജയിക്കാമെന്ന ചിന്താഗതി കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. എന്നാല്‍ അതിനിടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഗ്രൂപ്പ് പോര് ശക്തമാക്കിയാല്‍ വിപരീത ഫലവും ഉണ്ടാകും.