കൊയിലാണ്ടിയില്‍ ആറ് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു; ഭ്രാന്തന്‍ നായയെന്ന് സംശയം
കൊയിലാണ്ടി: നഗരത്തില്‍ ആറുപേര്‍ക്കു തെരുവു നായുടെ കടിയേറ്റു. നഗരസഭ പുതിയ ബസ്‌സ്റ്റാന്‍ഡില്‍ രാവിലെയായിരുന്നു സംഭവം. ശാരീരിക വെല്ലുവിളി നേരിടുന്ന തെരുവ് കച്ചവടക്കാരന്‍, സ്ത്രീ എന്നിവരുള്‍പ്പെടെ മൂന്നുപേരെ ബസ്‌സ്റ്റാന്‍ഡില്‍ വെച്ച് നായ ആക്രമിച്ചു. മറ്റു മൂന്നുപേരെ സമീപ ഭാഗത്തുവെച്ചും കടിച്ചു പരിക്കേല്‍പ്പിച്ചു. അമല്‍രാജ് (22), സെന്‍സീര്‍ (35), ആയിഷ (60), രാജന്‍ (65) എന്നിവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ നല്‍കി. ആളുകളെ കടിച്ചത് ഭ്രാന്തന്‍ നായയെന്ന് സംശയം.
കൊയിലാണ്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധിപേരാണ് നായകടിയേറ്റ് ചികിത്സ തേടിയത്. നഗരസഭ ബസ്‌സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് ഇവയുടെ താവളം. കുരച്ചുകൊണ്ട് പാഞ്ഞെത്തുന്ന നായകള്‍ വഴിയാത്രക്കാര്‍ക്കും ഇരുചക്ര വാഹനക്കാര്‍ക്കുമാണ് ഏറെ ഭീഷണി. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ നടേരി എളയടത്ത് മുക്കില്‍ അഞ്ച് പേരെയും പള്ളിക്കരയില്‍ നാല് പേരെയും തെരുവുനായ കടിച്ചിരുന്നു.
അപകടകാരികളായ നായ്ക്കളെ പിടികൂടി വന്ധ്യകരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ജില്ലയിലുള്ളത് ഒരേ ഒരു ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രമാണ് (എ.ബി.സി). വെള്ളിമാടുകുന്ന് പുളക്കടവില്‍ സ്ഥിതി ചെയ്യുന്ന എ.ബി.സി കേന്ദ്രത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ തെരുവുനായക്കളെ വന്ധീകരിക്കാനുള്ള ചുമതല മാത്രമാണുള്ളത്. അതിനാല്‍ തന്നെ ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ തെരുവു നായകള്‍ പെരുകുന്നത് തടയാന്‍ നിലവില്‍ ഒരു മാര്‍ഗവുമില്ല. മൃഗക്ഷേമ ബോര്‍ഡിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ നിന്നും വ്യക്തമാകുന്നത് തെരുവുനായയുടെ വന്ധ്യകരണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്നാണ്.
തെരുവുനായ ശല്യം ദിനം പ്രതി രൂക്ഷമായി വരുമ്പോഴും ഇതിനെതിരെയുള്ള നിയന്ത്രണ നടപടികള്‍ ഇപ്പോഴും മന്ദഗതിയിലാണ്. ബാലുശ്ശേരിയിലും വടകരയിലും എ.ബി.സി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരുന്നെങ്കിലും ഇതിന്റെ തുടര്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക