കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളികൾ ധർണ്ണ നടത്തി


കൊയിലാണ്ടി: ഗതാഗത കുരുക്കു കൊണ്ട് കുപ്രസിദ്ധമായ കൊയിലാണ്ടി ടൗണിലെ ഇഴഞ്ഞു നീങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കോഴിക്കോട് ജില്ലാ മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ (ഐഎന്‍ടിയുസി) ഓട്ടോ സെക്ഷന്‍ കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കും എന്ന് പറഞ്ഞ് ആരംഭിച്ച പ്രവര്‍ത്തി ഒരു വര്‍ഷമാവാറായിട്ടും അനിശ്ചിതത്വത്തിലാണുളളത്. പൊടിശല്യം കാരണം കാല്‍നടയാത്രക്കാര്‍ പോലും ബുദ്ധിമുട്ടുകയാണ്. ടൗണിനെ ശ്വാസം മുട്ടിക്കുന്ന തരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നതു കാരണം ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് ഓട്ടോറിക്ഷാ തൊഴിലാളികളാണന്നും, നിത്യേന വര്‍ദ്ധിച്ചു വരുന്ന പെട്രോള്‍ വില കൂടി കണക്കിലെടുക്കുമ്പോള്‍ ജീവിതം തന്നെ വഴി മുട്ടുന്ന അവസ്ഥയിലാണ് തൊഴിലാളികളെന്നും ഉദ്ഘാടന പ്രസംഗത്തില്‍ രാജീവന്‍ മാസ്റ്റര്‍ പറഞ്ഞു.

വി.വി.സുധാകരന്‍ ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു. അഡ്വ.ഇ നാരായണന്‍ നായര്‍, നടേരി ഭാസ്‌കരന്‍, വി.സി.സേതുമാധവന്‍, ടി.കെ.ചന്ദ്രന്‍, നിഷാദ് മരുതൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി.ബാബുരാജ്, ടി.ബാലന്‍, ഉസ്മാന്‍ കാവുംവട്ടം, നൗഫല്‍.കെ.ടി, സജിത്കാ വുംവട്ടം,പ്രകാശന്‍.ഇ.
എന്നിവര്‍ നേതൃത്വം നല്കി.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക