കൊയിലാണ്ടിയിലെ കളിയിടം ‘കളറാക്കണം’ മന്ത്രിമാരോട് പരിശീലകർ


കൊയിലാണ്ടി: കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന്റെ നിലവിലെ പരിമിതികള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് അദാലത്തിൽ പരാതിയുമായി കായികപരിശീലകരെത്തി. സംസ്ഥാന സര്‍ക്കാര്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലാണ് സ്റ്റേഡിയത്തില്‍ പരിശീലനവും, പ്രമോഷന്‍ മത്സരങ്ങളും സംഘടിപ്പിച്ചു വരുന്ന പരിശീലകരുടെയും അക്കാദമി ഭാരവാഹികളുടെയും കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചത്.

തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പരാതി സ്വീകരിച്ചു. ജില്ലാ കലക്ടര്‍ സാംബ ശിവറാവുവിന്റെ സന്നിധ്യത്തില്‍ പരിശോധിക്കുകയും ചെയ്തു. പരാതി വളരെ ഗൗരവത്തോടെ കാണുകയും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിനോട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു.

കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ എം.ജോതികുമാര്‍, കണ്‍വീനര്‍ എം.കെ.റഷിദ് പുളിയഞ്ചേരി എന്നിവരാണ് അദാലത്തില്‍ പങ്കെടുത്ത് പരാതി നല്‍കിയത്.