കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ കമ്മിറ്റി പോസ്‌റ്റോഫീസ് ധര്‍ണ്ണ നടത്തി


കൊയിലാണ്ടി: വയറിങ്ങ് മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന വയര്‍മാന്‍മാരെ തൊഴില്‍ രഹിതരാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷന്‍ (സിഐടിയു) കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഹെഡ് പോസ്‌റ്റോഫീസ്‌ ധര്‍ണ്ണ നടത്തി.സി അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഏരിയാ പ്രസിഡന്റ് വി വി വത്സരാജ് അധ്യക്ഷനായി. എസ് തേജ ചന്ദ്രന്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി പ്രജീഷ് പന്തിരിക്കര സ്വാഗതവും എം സുരേഷ് നന്ദിയും പറഞ്ഞു.

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി തയ്യാറാക്കിയ കരട് നയമാണ് വയറിങ്ങ് മേഖലയില്‍ തൊഴില്‍ നോക്കുന്ന അനേകം തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇതിനു പുറമെ വയര്‍മാന്‍മാരുടെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്താനും കരട് നിയമം നിര്‍ദേശിക്കുന്നു. ഐ.ടി.ഐ, പോളിടെക്‌നിക്ക്, എന്‍ജിനിയറിങ്ങ് യോഗ്യതയാണ് വിവിധ ക്ലാസുകാര്‍ക്ക് പുതിയ കരട് നിയമത്തില്‍ യോഗ്യതയായി നിര്‍ദേശിക്കുന്നത്.

നിലവിലെ നിയമ പ്രകാരം പത്താം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയവര്‍ക്ക് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ ലൈസന്‍സിങ്ങ് ബോര്‍ഡിന്റെ അംഗീകാരത്തോടെ രജിസ്റ്റര്‍ ചെയ്യുകയും സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ ജോലി ചെയ്ത് അപ്രന്റിഷിപ്പ് പൂര്‍ത്തിയാക്കുയും വേണം. ഇത്തരത്തില്‍ പത്താം ക്ലാസിനു ശേഷം അപ്രന്റിഷിപ്പ് പൂര്‍ത്തിയാക്കിയ പതിനായിരക്കണക്കിന് വയര്‍മാന്‍മാര്‍ കേരളത്തില്‍ മാത്രമുണ്ട്. പുതിയ കരട് നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇവര്‍ക്ക് വര്‍ഷങ്ങളായി തങ്ങള്‍ തുടര്‍ന്നിരുന്ന ജോലി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക