കെ.ദാസൻ ഉൾപ്പടെ നാല് എം.എൽ.എ മാർക്ക് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എം.എൽ.എ മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ, കൊല്ലം എം.എൽ.എ മുകേഷ്, നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ, പീരുമേട് എം.എൽ.എ ബിജിമോൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജനുവരി 14 ന് കാലത്ത് എം.എൽ.എ മാർക്കിടയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. കെ.ദാസനും കെ.ആൻസലനും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ടു പേരും വീടുകളിലാണ് നിരീക്ഷണത്തിലിരിക്കുന്നത്.

എട്ടാം തിയ്യതി ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച നിയമസഭ സമ്മേളനത്തിൽ പതിമൂന്നാം തിയ്യതിവരെ ഇവർ പങ്കെടുത്തിട്ടുണ്ട്. 15 നുള്ള ബജറ്റ് അവതരണത്തിൽ കോവിഡ് കാരണം ഇവർക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. 22 ന് ആണ് നിയമസഭ സമ്മേളനം അവസാനിക്കുന്നത്.