കിണര്‍ നന്നാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു


ബാലുശ്ശേരി: മണ്ണാമ്പൊയിലില്‍ കിണര്‍ ഇടിഞ്ഞു വീണു ഒരാള്‍ മരിച്ചു. കടുക്കാം പൊയില്‍ ശ്രീനിവാസനാണ് മരിച്ചത്. 47 വയസ്സായിരുന്നു.

പുതുക്കുടി വിജയന്റെ കിണര്‍ കെട്ടാന്‍ മണ്ണ് നീക്കുന്നതിനിടെ രാവിലെ 11 മണിക്കാണ് അപകടം നടന്നത്. 50 അടി ആഴമുള്ള കിണറിന്റെ ഒരുവശത്തെ മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ കിണറിലേക്ക് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകരായ ചന്ദ്രനും രവിയും, ബഹളം കേട്ട് ഓടിയെത്തിയ സരുണും കിണറ്റിലിറങ്ങി ശ്രീനിവാസനെ താങ്ങി നിര്‍ത്തി. തുടര്‍ന്ന് നരിക്കുനി ഫയര്‍ഫോഴ്‌സ് എത്തിയാണ് ശ്രീനിവാസനെ പുറത്തെടുത്തത്. പ്രഥമ ശുശ്രൂഷ നല്‍കി ബാലുശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി ഒ വര്‍ഗ്ഗീസ്, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ കെ.ദിലീപ് എന്നിവരുടെ നേതൃത്വത്തില്‍ കെ.രാജേഷ്, ഇ പി ജനാര്‍ദ്ദനന്‍, എ. നിപിന്‍ദാസ്, ടി സനൂപ്, പി സന്ദീപ്, കെ അനില്‍കുമാര്‍, പി കെ സോമന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കെ.രാജേഷ് കിണറ്റിലിറങ്ങി പരിശോധന നടത്തി മറ്റ് ആളുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക