എഴുപതിന്റെ നിറചിരിയോടെ ജഗതി വീണ്ടും സിനിമയിലേക്ക്


തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാള്‍. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പേയാടുളള വീട്ടില്‍ കുടുംബത്തോടപ്പമാണ് പിറന്നാളാഘോഷം. ഈ വര്‍ഷം ജഗതി വെളളിത്തിരയിലേക്ക് തിരിച്ചെത്തും. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് നടന്ന കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹം ഇത്രയുംനാള്‍ മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നത്.

ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മകന്‍ രാജ്കുമാര്‍ ഒരുക്കുന്ന സിനിമയിലൂടെയാണ് ജഗതി വെളളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. ജഗതിയുടെ ആരോഗ്യസ്ഥിതിയ്ക്കനുസരിച്ചുളള കഥാപാത്രമാണ് നല്‍കുന്നത്. മറ്റു ചില ചിത്രങ്ങളിലെ വേഷങ്ങളും തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു.

കഴിഞ്ഞ ഓണത്തിന് അദ്ദേഹം സദ്യ ഉണ്ണുന്ന വിഡീയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.