യു എ പി എ കേസ്; ത്വാഹ ഫസൽ കീഴടങ്ങി, ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കും


കൊച്ചി: യു എ പി എ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ത്വാഹ ഫസൽ കോടതിയിൽ കീഴടങ്ങി. ജാമ്യം പുനസ്ഥാപിക്കാനായി രണ്ട് ദിവസത്തിനകം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കീഴടങ്ങുന്നതിന് മുമ്പായി ത്വാഹ ഫസൽ പറഞ്ഞു.

യു എ പി എ നിയമങ്ങൾ അനാവശ്യമായി ചുമത്തിയതിന്റെ ഇരയാണ് താൻ. ഇത്തരം നിയമങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീലുമായി സമീപിക്കും. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യവിരുദ്ധ പ്രവർത്തനത്തിലും പങ്കാളിയല്ല.

ത്വാഹ ഫസലിന്റെ വീട്ടിൽ നിന്നടക്കം റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും അനുബന്ധ തെളിവുകളും ഗൗരവമുളളതാണ്. കാശ്‌മീരിനെ പ്രത്യേക രാജ്യമായി ചിത്രീകരിക്കുന്ന ഭൂപടവും, മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുമൊന്നും തളളിക്കളയാനാകില്ല. ഈ സാഹചര്യത്തിൽ ത്വാഹയ്ക്കെതിരെ യു എ പി എ പ്രകാരം ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കണ്ടാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.

അതേസമയം, അലന് വിചാരണ തീരും വരെ ജാമ്യത്തിൽ തുടരാമെന്നാണ് കോടതി ഉത്തരവ്. അലന്റെ പ്രായവും ആരോഗ്യസ്ഥിതിയും കോടതി കണക്കിലെടുത്തു. പന്തീരാങ്കാവ് യു എ പി എ കേസിൽ എൻ ഐ എ അന്വേഷണം കാര്യക്ഷമമല്ലെന്നും യു എ പി എ നിലനിർത്താൻ ആവശ്യമായ തെളിവില്ലെന്നുമുളള വിചാരണക്കോടതി വിലയിരുത്തലിനെ ഹൈക്കോടതി തളളിയിരുന്നു. വിചാരണ കോടതി ഒരുപടി മുന്നിൽ കടന്നെന്നും കോടതി നിരീക്ഷിച്ചു.