ഇവിടെ ഭയപ്പെടാത്ത ഒരു കൂട്ടം ‘സുരക്ഷ’; ആനക്കുളത്ത് കോവിഡ് ബാധിച്ച് മരിച്ചയാൾക്കും സുരക്ഷാ പ്രവർത്തകർ ചിതയൊരുക്കി


കൊയിലാണ്ടി: സാന്ത്വന പരിചരണത്തോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നമാനതകളില്ലാത്ത ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന സംഘടനയാണ് സുരക്ഷ പാലിയേറ്റിവ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതിനും നാട്ടിൽ ഒരു വിളിപ്പാടകലെ ‘സുരക്ഷ’ യുണ്ട്.

നഗരസഭയിലെ ആനക്കുളത്ത് ഇന്ന് കോവിഡ് മരണം റിപ്പോർട്ടു ചെയ്തപ്പോൾ മൃതശരീരം മറവ് ചെയ്യാനായി നഗരസഭയുടെ ആരോഗ്യ വിഭാഗത്തിനൊപ്പം കൈകോർത്തുകൊണ്ട് സഹായത്തിനായ് സുരക്ഷയുടെ സന്നദ്ധ പ്രവർത്തകരുമുണ്ടായിരുന്നു. ദീപാങ്കുരൻ, അക്ഷയ്, അനൂപ്, അമൃത്, എന്നിവരാണ് മുൻകരുതലൊരുക്കി ജാഗ്രതയോടെ മാതൃകാപരമായ ഇന്നത്തെ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.പ്രസാദ്, ജീവനക്കാരൻ ജിഷാന്ത് എന്നിവർ നേതൃത്വം നൽകി.

ജില്ലയുടെ പല ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരണപ്പെട്ട പതിനഞ്ചോളം മൃതശരീരങ്ങൾ മറവ് ചെയ്യുന്നതിന് സുരക്ഷയുടെ പ്രവർത്തകർ നേതൃത്വം നൽകിയിട്ടുണ്ട്. മഹാമാരി വിതച്ചു കൊണ്ടിരിക്കുന്ന ദുരന്തമുഖത്ത് പകച്ചു നിൽക്കാതെ സേവനപാതയിൽ കർമ്മനിരതരായി പ്രവർത്തിക്കുകയാണ് സുരക്ഷയുടെ വളൻ്റിയർമാർ.

സഹായമനസ്ക്കരിൽ പോലും രോഗഭീതി നിശ്ചലത സൃഷ്ടിക്കുന്ന ഈ ദുരന്ത കാലത്ത് മരുന്നെത്തിച്ചും, വീട് അണുമുക്തമാക്കിയും
നാടിൻ്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് ആനക്കുളം സുരക്ഷപെയ്ൻ & പാലിയേറ്റിവ് പ്രവർത്തകർ.