അടിത്തറ ശക്തമാക്കാൻ ഇടതുപക്ഷം; ലക്ഷ്യം ഭരണത്തുടർച്ച
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ അടിത്തറ ശക്തമാക്കാനൊരുങ്ങി ഇടത് പക്ഷം. വികസനം, ക്ഷേമം, ഭരണ തുടർച എന്നിവയിലൂന്നി താഴെ തട്ടിൽ വരെ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. ബൂത്തു കമ്മറ്റികൾക്ക് പുറമെ പ്രത്യേക പ്രചാരണ സംവിധാനവും രൂപീകരിക്കും. ബൂത്ത് കമ്മറ്റികൾ ജനുവരി 31 നുള്ളിൽ നിലവിൽ വരും. മണ്ഡലം പഞ്ചായത്ത് കമ്മറ്റികളും ഇതോടൊപ്പം രൂപീകരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉം ബിജെപിയും മുന്നേറ്റമുണ്ടാക്കിയ സ്ഥലങ്ങൾ കണ്ടെത്തി വീഴ്ചകൾ കണ്ടെത്തി തിരുത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫും, ബിജെപിയും, കേന്ദ്ര ഏജൻസികളും, ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് നടത്തിയ പ്രചാരണങ്ങളെ തള്ളി ജനങ്ങൾ എൽഡിഎഫിനെ വിജയിപ്പിച്ചത് ഭരണ തുടർചയ്ക്കായുള്ള സൂചനയായാണ് ഇടതുപക്ഷം വിലയിരുത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിളക്കത്തിൽ ആവേശം ചോരാതെ ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകിയുള്ള പ്രചാരണതന്ത്രമാണ് എൽഡിഎഫിന്റെത്. അതിന്റെ ഭാഗമായി 23 മുതൽ ഗൃഹസന്ദർശന പരിപാടിക്ക് സിപിഎം രൂപം കൊടുത്തിട്ടുണ്ട്. വികസനം, ക്ഷേമം എന്നിവയ്ക്കൊപ്പം ഭരണ തുടർച എന്ന വികാരവും ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. സംസ്ഥാന ബജറ്റ് മുന്നോട്ട് വെച്ച ക്ഷേമപദ്ധതികളും ജനങ്ങളോട് വിശദീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായി സിപിഎം പ്രവർത്തന ഫണ്ട് ശേഖരണവും ഈ മാസം 30, 31 തിയ്യതികളിൽ നടത്തും.