കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാന്‍ ഉപാധികളോടെ അനുമതി; തിയേറ്ററുകള്‍ തുറക്കില്ല


കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇനി മുതല്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കും. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കാണ് ഇളവുകള്‍ ബാധകമാകുക. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ഹോട്ടലുകളിലും ബാറുകളിലും നിലവില്‍ പാഴ്‌സല്‍ കൗണ്ടറുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇരുന്ന് കഴിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഉടമകള്‍ പലതവണയായി ഉന്നയിച്ചിരുന്നു.

അതേസമയം, തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലും ഇതിന് അനുകൂലമായ തീരുമാനമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആറുമണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കും.