‘ഹാപ്പി ബര്‍ത്ത് ഡേ ഗൂഗിള്‍’; ഇന്റര്‍നെറ്റിന്റെ പര്യായമായ ഗൂഗിളിന് ഇന്ന് 23-ാം പിറന്നാള്‍; സ്വന്തം ജന്മദിനത്തില്‍ ഡൂഡിലുമായി ഗൂഗിള്‍; ഗൂഗിളിന്റെ വിശേഷങ്ങള്‍ വായിക്കാം


ന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആര്‍ക്കും പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത പേരാണ് ഗൂഗിള്‍. എതിരാളികള്‍ ഒരുപാട് ഉണ്ടെങ്കിലും അവരെക്കാളൊക്കെ ബഹുദൂരം മുന്നിലാണ് ടെക് ഭീമനായ ഗൂഗിള്‍. ഇന്റര്‍നെറ്റിന്റെ പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന ഗൂഗിള്‍ ഇന്ന് 23-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

സ്വന്തം പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ ഹോം പേജില്‍ മനോഹരമായ ഡൂഡിലും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് ഗൂഗിളിന്റെ ഹോം പേജില്‍ കയറിയ എല്ലാവരും ഇത് ശ്രദ്ധിച്ചിട്ടുണ്ടാകും. 23 എന്നെഴുതിയ പിറന്നാള്‍ കേക്കാണ് ഡൂഡിലില്‍ ഉള്ളത്. കേക്കിനു മുകളില്‍ ഒരു മെഴുകുതിരിയും ഉണ്ട്. കൂടാതെ മധുരപലഹാരങ്ങളാല്‍ അലങ്കരിച്ച അക്ഷരങ്ങളാലാണ് ഡൂഡിലില്‍ ഗൂഗിള്‍ എന്ന് എഴുതിയിരിക്കുന്നത്. കേക്കിലെ രസകരമായ അനിമേഷനും കാഴ്ചക്കാര്‍ക്ക് കൗതുകമാണ്.

സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയില്‍ തുടങ്ങി ഇന്ന് ടെക്നോളജിയുടെ സമസ്തമേഖലകളിലും വേരുറപ്പിച്ചിരിക്കുന്ന കമ്പനിയാണ് ഗൂഗിള്‍. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ തലപ്പത്തുള്ളത് ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ ആണെന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്.

അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകില്‍നിന്നും പിറവിയെടുത്തതാണ് ഗൂഗിള്‍ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗൂഗോള്‍ (Googol) എന്ന പദം സെര്‍ച്ച് എന്‍ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവന്‍ ഒന്‍പതു വയസുകാരന്‍ മില്‍ട്ടണ്‍ സൈറോറ്റയാണ് 1938 ല്‍ ആദ്യമായി ഗൂഗോള്‍ എന്ന പദം ഉപയോഗിച്ചത്.

ഗണിത ശാസ്ത്രജ്ഞരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെര്‍ച്ച് എന്‍ജിനു പേരായി നല്‍കാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങള്‍ ഈ സെര്‍ച്ച് എന്‍ജിനില്‍ ലഭ്യമാകും എന്ന സന്ദേശം പേരിലൂടെ നല്‍കാമെന്നാണ് സ്ഥാപകര്‍ കരുതിയത്. എന്നാല്‍ ഗൂഗോള്‍ എന്ന പേര് എഴുതിയപ്പോള്‍ അക്ഷരത്തെറ്റ് ഉണ്ടാവുകയും അത് ഗൂഗിള്‍ (Google) എന്നായി മാറുകയുമായിരുന്നു.

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ തങ്ങളുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിള്‍ രൂപകല്‍പ്പന ചെയ്തത്.

1996 ജനുവരിയിലായിരുന്നു ഇവര്‍ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയല്‍ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവര്‍ തുടക്കമിട്ടത്. അതുവരെ ഒരാള്‍ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുക മാത്രമായിരുന്നു വെബ്തിരയല്‍ സംവിധാനങ്ങളുടെ ശൈലി. പലപ്പോഴും പരസ്പര ബന്ധമില്ലാത്ത ഫലങ്ങളാണ് ഇത്തരം തിരയലുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇതിന് മാറ്റം വരുത്തുകയാണ് ഗൂഗിള്‍ ചെയ്തത്.

പരീക്ഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയതോടെ 1997 സെപ്റ്റംബര്‍ 15ന് ഗൂഗിള്‍ എന്ന ഡൊമെയിന്‍ നാമം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഒരുവര്‍ഷത്തിനു ശേഷം കാലിഫോര്‍ണിയയില്‍ ഒരു സുഹൃത്തിന്റെ ഗാരേജില്‍ ലാറിയും സെര്‍ജിയും തങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. 1999 സെപ്റ്റംബര്‍ 21 വരെ ഗൂഗിള്‍ സെര്‍ച്ച് ബീറ്റാ വെര്‍ഷനിലായിരുന്നു പ്രവര്‍ത്തിച്ചത്. ലളിതമായ രുപകല്‍പനയായിരുന്നു ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്റെ പ്രധാന ആകര്‍ഷണം. ചിത്രങ്ങള്‍ അധികമൊന്നും നല്‍കാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിള്‍ പേജുകള്‍ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി.

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ഇടയില്‍ ഗൂഗിള്‍ പെട്ടെന്നു പ്രശസ്തമായി. 2000-ത്തില്‍ സെര്‍ച്ച് കീ വേര്‍ഡിനനുസരിച്ച് ഗൂഗിളില്‍ പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയര്‍ന്നു. സമകാലീനരായ ഒട്ടേറെ സംരംഭങ്ങള്‍ പരാജയപ്പെട്ടപ്പോഴും കാര്‍ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഗൂഗിള്‍ ഇന്നും വിജയഗാഥ തുടരുകയാണ്. ഇന്റര്‍നെറ്റില്‍ തിരയുക എന്നതിനു പകരമായി ഗൂഗിള്‍ ചെയ്യുക എന്ന പ്രയോഗശൈലി തന്നെ രൂപപ്പെട്ടത് ഗൂഗിളിന്റെ സ്വീകാര്യതയുടെ തെളിവാണ്.

സെര്‍ച്ച് എഞ്ചിന്‍ കൂടാതെ ജിമെയില്‍, യൂട്യൂബ്, മാപ്സ്, ട്രാന്‍സിലേറ്റ്, ക്രോം, മ്യൂസിക്, ഫോട്ടോസ്, ക്ലൗഡ്, ഡ്യുവോ, മീറ്റ്, ക്ലാസ് റൂം, കലണ്ടര്‍, ഡ്രൈവ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സേവനങ്ങള്‍ വേറെയുമുണ്ട് ഗൂഗിളിന്. ഇതിനെല്ലാം പുറമെ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ അമരക്കാരും ഗൂഗിള്‍ തന്നെയാണ്.

ചോദിക്കുന്ന വിവരങ്ങള്‍ നിമിഷനേരം കൊണ്ട് നമുക്കെല്ലാവര്‍ക്കും നല്‍കുന്ന ഗൂഗിളിന് പേരാമ്പ്ര ന്യൂസ് ഡോട് കോം പിറന്നാള്‍ ആശംസകള്‍ നേരുന്നു.