ഹരിയാനയില്‍ നടന്ന ദേശീയ സിവില്‍ സര്‍വ്വീസസ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ സുജാത ടീച്ചര്‍ക്ക് ചങ്ങരോത്ത് പഞ്ചായത്തിന്റെ സ്‌നേഹാദരം


പേരാമ്പ്ര: നാടിന്റെ യശസ്സുയര്‍ത്തിയ സുജാത ടീച്ചര്‍ക്ക് ചങ്ങരോത്ത് പഞ്ചായത്തിന്റെ സ്‌നേഹാദരം. ഹരിയാനയില്‍ വെച്ചു നടന്ന ദേശീയ സിവില്‍ സര്‍വ്വീസസ് പുരുഷ-വനിതാ അത്‌ലറ്റിക് മീറ്റില്‍ വനിതാ വെറ്ററന്‍സ് വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണ മെഡലും ലോംഗ് ജമ്പില്‍ വെള്ളിമെഡലും നേടിയാണ് സുജാത ടീച്ചര്‍ നാടിന്റെ അഭിമാനമായി മാറിയത്.

സുജാത ടീച്ചറെ കടിയങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജന്‍മനാടായ തിയ്യത്തിവയലില്‍ എത്തിച്ചത്. തുടര്‍ന്ന് തിയ്യത്തിവയലില്‍ വച്ച് നടന്ന സ്വീകരണ പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ വിനോദന്‍, കെ.കെ ഭാസ്‌കരന്‍ മാസ്റ്റര്‍, പേരാമ്പ്ര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സന്നിഹിതരായ ചടങ്ങിന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ പപ്പന്‍ കന്നാട്ടി നന്ദിയും പറഞ്ഞു.