ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിത നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയിലാണ് നടപടി.
ഈ പരാതിയില്‍ മൊഴിയെടുക്കുന്നതിനായി കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനില്‍ നിന്ന് നവാസിനെ വിളിപ്പിച്ചിരുന്നു. മൊഴിയെടുത്തശേഷം പൊലീസ് നവാസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പരാതി. ഹരിതയിലെ പത്ത് നേതാക്കളാണ് പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.
വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് വെള്ളയില്‍ പൊലീസ് നവാസിനെതിരെ കേസെടുത്തു. സ്റ്റേഷനില്‍ വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് നവാസിനുമേല്‍ ചുമത്തിയിരിക്കുന്നത്.
പരാതി നല്‍കിയ ഹരിത നേതാക്കളെ ചെമ്മങ്ങാട് സ്റ്റേഷനില്‍ വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. ജൂണ്‍ 22ന് നടന്ന യോഗത്തിലാണ് വനിതാ നേതാക്കള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശമുണ്ടായത്. ഈ യോഗത്തിന്റെ മിനുട്ട്‌സും മറ്റ് വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
എം.എസ്.എഫ് നേതൃത്വത്തിനെതിരെ പരാതി നല്‍കിയതിനു പിന്നാലെ നിലവിലെ ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ് ലിം ലീഗ് ഉന്നതാധികാരസമിതിയോഗം കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു.