‘സർക്കാർ സേവനം വീട്ടുപടിക്കൽ’; അരിക്കുളം പഞ്ചായത്തിൽ വാതിൽപ്പടി സേവനം ഉദ്ഘാടനം ചെയ്തു



അരിക്കുളം: കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നിരാലംബർക്ക് സേവനം വീടുകളിൽ എത്തിക്കുന്ന വാതിൽപ്പടി സേവനത്തിന്റെ അരിക്കുളം പഞ്ചായത്ത്‌ തല ഉദ്ഘാടനം ടി.പി രാമകൃഷ്‌ണൻ എം.എൽ.എ നിർവ്വഹിച്ചു. കേരളത്തിലെ 50 പഞ്ചായത്തുകളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ജില്ലയിൽ ആദ്യ ഘട്ടത്തിൽ അരിക്കുളം, കൊടിയത്തൂർ എന്നീ പഞ്ചായത്തുകളിൽ നടപ്പാക്കും. ക്ഷേമപെൻഷൻ, മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം, ജീവൻ രക്ഷാമരുന്നുകൾ എന്നീ അഞ്ച് സേവനങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.

പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ എ.എം സുഗതൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.പി ശിവാനന്ദൻ മുഖ്യാതിഥിയായി. സെക്രട്ടറി കെ.വി സുനില കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.

സ്ഥിരംസമിതി ചെയർമാൻമാരായ എം. പ്രകാശൻ, എൻ.എം ബിനിത, മെമ്പർമാരായ കെ. അബിനീഷ്, ടി.എം രജില, ബിന്ദു പറമ്പടി, കെ.എം അമ്മത്, കെ. ബിനി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ കെ.പി രജനി സ്വാഗതവും എൻ. പ്രിയേഷ് നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.